Spread the love

പൊന്നാനി: ഭര്‍ത്താവുമായി കറങ്ങാനിറങ്ങിയ യുവതിയെ കടല്‍ത്തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തി. യുവതിയുടെ മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ കടിച്ചു വലിക്കുന്ന നിലയില്‍ ആയിരുന്നു. പുനര്‍ഗേഹം ഭവനസമുച്ചയത്തിലെ താമസക്കാരിയായ പൊന്നാനി അഴീക്കല്‍ മാറാപ്പിന്റെ വീട്ടില്‍ ഫാത്തിമ (23) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രായിന്‍മരക്കാര്‍ വീട്ടില്‍ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മത്സ്യത്തൊഴിലാളികൾക്കു വേണ്ടി സർക്കാർ നിർമിച്ച പുനർഗേഹം ഭവനസമുച്ചയത്തിലെ ഫ്ലാറ്റിലാണ് ഇരുവരുടെയും കുടുംബങ്ങൾ താമസിക്കുന്നത്. ഒന്നര വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് അയൽക്കാർ പറയുന്നു.

കഴിഞ്ഞദിവസം രാത്രി ഇരുവരും ബൈക്കിൽ കറങ്ങാനിറങ്ങിയതായും ഇതിനിടെയുണ്ടായ വഴക്കിനു പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ബീച്ചിൽ മണിക്കൂറുകളോളം സംസാരിച്ചിരുന്നശേഷം ഫാത്തിമയുടെ മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലി ഇരുവരുംതമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഷാൾ കഴുത്തിലിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ സമീപത്തുകിടന്നിരുന്ന പായയിൽ മൃതദേഹം പൊതിഞ്ഞു. നായക്കൾ കടിച്ചുവലിക്കാതിരിക്കാൻ തലയുടെ ഭാഗം മണലിൽ കുഴിച്ചുമൂടി. സംഭവത്തിനുശേഷം മുഹമ്മദ് അവിടെന്ന് രക്ഷപ്പെടുകയും ചെയ്തു.

കടൽത്തീരത്ത് മണലിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്ന നിലയിലാണ് പ്രദേശവാസികൾ കണ്ടത്.

അതേസമയം ഭർത്താവ് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു. സംശയം മൂലമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ദമ്പതികൾക്ക് നാലുമാസം പ്രായമായ മകളുണ്ട്.