എക്‌സിറ്റ് പോളിനു പിന്നാലെ ആത്മവിശ്വാസത്തോടെ മാണി സി കാപ്പന്‍. വിജയിച്ചാല്‍ മന്ത്രിപദത്തിലേക്ക് പരിഗണിച്ചേക്കുമെന്നും പ്രതീക്ഷ. പാലായുടെ എംഎൽഎ ജോസ് കെ മാണി ആയിരിക്കുമെന്ന് ഉറപ്പിച്ച് കേരള കോൺഗ്രസ് എം
കോട്ടയം: തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ പ്രവചനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. പാലായില്‍ ജോസ് കെ മാണിയുടെയും ഷോണ്‍ ജോര്‍ജിന്റെയും പണാധിപത്യമാണ് നടന്നത്. തനിക്ക് മിനിമം 5400 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. അത് 15000 വരെ ഉയരാം. ഷോണ്‍ പിടിക്കുന്ന വോട്ട് അനുസരിച്ചായിരിക്കും ഫലം.
യുഡിഎഫിന് 100 ന് അടുത്ത സീറ്റു ലഭിക്കും. അധികാരത്തിലെത്തിയാല്‍ ഘടകകക്ഷി എന്ന നിലയില്‍ മന്ത്രി പദത്തിലേക്ക് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ഇനി ഒരു മത്സരത്തിന് താനില്ല. പാലായില്‍ മാണി സി കാപ്പന് നേരിയ ഭൂരിപക്ഷമാണ് സര്‍വേകള്‍ പ്രവചിച്ചത്. തുടര്‍ന്ന് ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു മാണി സി കാപ്പന്‍
അതേസമയം പാലായുടെ നിയമസഭയിലെ ജനപ്രതിനിധി ജോസ് കെ മാണി ആയിരിക്കുമെന്ന് ഉറപ്പാണെന്ന് കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ അധ്യക്ഷനും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.
5000 വോട്ടിനു മുകളിൽ ഭൂരിപക്ഷം ലഭിക്കും. പാലായിൽ മാണി സി കാപ്പനും ഷോൺ ജോർജും പരസ്പര സഹായസഹകരണ സംഘം ആയി ആണ് പ്രവർത്തിച്ചത്. പാലായ്ക്ക് കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഒരു ജനപ്രതിനിധിയില്ലായിരുന്നു. മണ്ഡലം പിന്നോട്ട് പോയ വർഷങ്ങളാണത്. അത് തിരുത്താൻ പാലാ തീരുമാനിച്ചു കഴിഞ്ഞു. മെയ്നാലിന് ഫലം പ്രഖ്യാപിക്കുമ്പോൾ അത് വ്യക്തമാവും.
പിണറായി വിരുദ്ധ വികാരമുണ്ടെങ്കിൽ മുഖ്യമന്ത്രിപദത്തിലേക്ക് ഏറ്റവും കൂടുതൽ പിന്തുണ എങ്ങനെ ലഭിക്കും. എക്സിറ്റ് പോളുകളിൽ പിണറായി വിജയനുള്ള മേൽക്കൈ ചൂണ്ടിക്കാട്ടി ലോപ്പസ് മാത്യു ചോദിച്ചു.

