തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില ഉയർന്നു. വെള്ളിയുടെയും സ്വർണത്തിന്റെയും വില സർവ്വകാല റെക്കോർഡിലാണ് . ഒറ്റയടിക്ക് ഇന്ന് രാവിലെ പവന് 2,360 രൂപയാണ് വർദ്ധിച്ചത്. ഇതോടുകൂടി സ്വർണവില 1,21,000 കടന്നു. എന്നാൽ ഉച്ചയ്ക്ക് വീണ്ടും 1,400 രൂപ ഉയർന്നു. ഇതോടെ വില 1,22,000 കടന്നു.
ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,22,520 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,50,000 രൂപയ്ക്ക് മുകളിൽ നൽകണം.
സ്വർണ്ണവിലയുടെ ഈ അപ്രതീക്ഷിത കുതിപ്പ് വിപണിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 23-നാണ് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത്. അവിടെനിന്നും വെറും ആഴ്ചകൾക്കുള്ളിലാണ് വില 1.22 ലക്ഷത്തിലേക്ക് എത്തിയത് എന്നത് വിപണിയിലെ അസ്ഥിരതയുടെ ആഴം വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ വൻ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

