തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും എതിരെ രൂക്ഷ വിമർശനങ്ങളുമായി സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ ബി അശോക്..
സര്‍ക്കാരിന്റെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളില്‍ സംസാരിച്ചതിനാണ് നടപടി. സര്‍വ്വീസ് ചട്ടം ലംഘിച്ച സര്‍ക്കാര്‍ നയങ്ങളെ അടക്കം വിമര്‍ശിച്ചു എന്ന കുറ്റം ചുമത്തിയാണ് സസ്‌പെന്‍ഷന്‍.
സര്‍ക്കാറിന്റ പല നയങ്ങളെയും നിലപാടുകളെയും എന്നും തുറന്ന് വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥനാണ് അശോക്. ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു അശോക്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കാവല്‍ സര്‍ക്കാര്‍ സ്വീകരിച്ചത് പ്രതികാര നടപടിയാണെന്ന് അശോക് പറഞ്ഞു.
നാലുദിവസത്തെ മാത്രം വിലയുള്ള ഉത്തരവിനെതിരെ കോടതിയെ സമീപിക്കില്ല. സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് പിണറായി സർക്കാരിന് പ്രതികാര മനോഭാവമാണ് ഉള്ളത്. ആശ്രിതവത്സരരായി ഒരു വിഭാഗത്തെ വളർത്തിയെടുത്ത് അവരെക്കൊണ്ട് ക്രമക്കേട് ചെയ്യിക്കുകയാണെന്നും അശോക് ആരോപിച്ചു.

