Spread the love

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം നടത്തിയ വ്യക്തിപരമായ അധിക്ഷേപ പരാമര്‍ശത്തില്‍ പിഎംഎ സലാമിനെ തള്ളി പാര്‍ട്ടി നേതൃത്വം.
രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആവാം, എന്നാല്‍ വിമര്‍ശനങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാന്‍ പാടില്ലെന്ന് തങ്ങള്‍ പറഞ്ഞു. ഭരണകൂടത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവന്‍ ആയതുകൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പുവെച്ചതെന്നായിരുന്നു പിഎംഎ സലാമിന്റെ അധിക്ഷേപ പരാമര്‍ശം. വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സലാം ഇത്തരം പരാമര്‍ശം നടത്തിയത്.

പരാമര്‍ശം വിവാദമായതോടെ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തി. പിഎംഎ സലാമിന്റേത് തരംതാണ നിലപാടാണെന്നും രാഷ്ട്രീയ മര്യാദകള്‍ പാലിക്കാത്ത നിലപാടാണെന്നുമായിരുന്നു മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. മുസ്ലീം ലീഗിന്റെ അപചയമാണ് ഇതിലൂടെ വ്യക്തമായതെന്നും വ്യക്തി അധിക്ഷേപം പിന്‍വലിച്ച് പിഎംഎ സലാം കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്നും സിപഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു.