Spread the love

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം വിറ്റത് പതിനഞ്ച് ലക്ഷം രൂപയ്ക്ക്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനാണ് പ്രത്യേക അന്വേഷണസംഘത്തിന് തെളിവ് കൈമാറിയത്. ഇന്നലെയാണ് ഗോവര്‍ധന്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ എസ് ഐ ടിക്ക് കൈമാറിയത്.അതേസമയം ശബരിമലയുടെ പേര് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണയായി 70 ലക്ഷം രൂപ വാങ്ങിയെന്നും മൊഴിയുണ്ട്.ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ വഞ്ചിച്ചു എന്ന ഗോവര്‍ധന്‍ മൊഴി നല്‍കി. ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണയായി പണം വാങ്ങിയത്.

അതിനിടെ ശബരിമലയില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണം ഇനിയും കണ്ടെത്താന്‍ ബാക്കിയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം കട്ടിള കടത്തി സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് നാളെയാണ് രേഖപ്പെടുത്തുക. പോറ്റിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ നില്‍ക്കുകയാണ് അന്വേഷണസംഘം.
ശബരിമല ദ്വാരശില്‍പ്പങ്ങളുടെ പാളി കടത്തിയ കേസില്‍ മാത്രമാണ് ഇതുവരെ അറസ്റ്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

നാളെ കോടതിയില്‍ ഹാജരാക്കുന്ന പോറ്റിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും പ്രത്യേക അന്വേഷണസംഘം അപേക്ഷ നല്‍കും.അതേസമയം സ്വര്‍ണ്ണ കവര്‍ച്ചയുമായി ബന്ധപ്പെട്ടുകൊണ്ട് സംശയ നിഴലിലുള്ള കല്‍പേഷ്, വാസുദേവന്‍, സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ടാരി, ഗോവര്‍ധന്‍ എന്നിവരെ അന്വേഷണം സംഘം ചോദ്യം ചെയ്തു വിട്ടയച്ചു.
പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.