ഏറ്റുമാനൂർ ശ്രീമാരിയമ്മൻ ക്ഷേത്രത്തിൽ നടന്ന മോഷണക്കേസിൽ പ്രതിയെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. പാറമ്പുഴ, പെരുമ്പായിക്കാട് സ്വദേശിയായ അനീഷ് കെ. ദിവാകരൻ (40) ആണ് അറസ്റ്റിലായത്.
മേയ് 31-ന് പുലർച്ചെ 1.30 നും 2.30 നും ഇടയിൽ ഏറ്റുമാനൂർ ശ്രീമാരിയമ്മൻ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയ പ്രതി ഉപദേവതയായ പേച്ചിയമ്മയുടെ നടയ്ക്ക് മുന്നിലുണ്ടായിരുന്ന ഭണ്ഡാരം തുറന്ന് അതിലെ പണവും പിച്ചള കൊണ്ടുള്ള രണ്ട് പ്രഭ സ്റ്റാൻഡുകളും മോഷ്ടിച്ചെന്നാണ് കേസ്.
കൂടാതെ സമീപത്തെ മുരുകൻ ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന സ്റ്റീൽ കാണിക്കവഞ്ചിയുടെ പൂട്ടു കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി അതിലെ പണവും കവർന്നു. ആകെ ഏകദേശം 10,000 രൂപയാണ് മോഷണം പോയത്.
ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന രണ്ട് സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും ഇതുവഴി ഏകദേശം 4,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു.
സംഭവത്തിൽ ക്ഷേത്ര സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സബ് ഇൻസ്പെക്ടർ സെയ്‌ദ് മുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, ദൃശ്യങ്ങളിൽ നിന്നു പ്രതിയെ തിരിച്ചറിയുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

