Spread the love

സിസ്റ്റർ അഭയകേസിൽ മൂന്നു പതിറ്റാണ്ടുകാലം നിയമപോരാട്ടം നടത്തി പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വാങ്ങിച്ചുകൊടുത്തതിന് പിന്നിൽ പ്രവർത്തിച്ച ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കലിനെ അപകീർത്തിപ്പെടുത്തിയ കേസിൽ അഡ്വ. എ.എക്സ്. വർഗീസ് ഉൾപ്പെടെ 3 പ്രതികൾക്ക് കോടതി 6 മാസം തടവിനും 10,000/-രൂപ വീതം പിഴയും ചുമത്തി ശിക്ഷിച്ചു.

2010 സെപ്റ്റംബർ 5ന് കലാകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച “അഭയയെ കൊന്നവർ രക്ഷപ്പെടും” എന്ന ഹെഡ്ഡിംഗിൽ ഹൈക്കോടതിയിലെ അഡ്വ. എ.എക്‌സ്. വർഗീസ് നടത്തിയ അഭിമുഖത്തിൽ ജോമോൻ പുത്തൻപുരയ്ക്കലിനെ അപകീർത്തിപ്പെടുത്തിയതിനാണ് അഡ്വ. എ.എക്സ്. വർഗീസ്, കലാകൗമുദി എഡിറ്റർ എം. സുകുമാരൻ, റിപ്പോർട്ടർ പി.എം. ബിനുകുമാർ എന്നിവരെയാണ് 6 മാസം തടവിനും 10,000/- രൂപ വീതം പിഴയും ചുമത്തിയാണ് തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് ജുഡീഷ്യറി മജിസ്ട്രേറ്റ് ആതിര ആർ.എസ്. പണിക്കരാണ് പ്രതികളെ ശിക്ഷിച്ചത്.

മൂന്നു പ്രതികളും 10,000/- രൂപ വീതം വാദി ജോമോൻ പുത്തൻപുരയ്ക്കലിന് നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ പ്രതികൾ 10 ദിവസം കൂടി തടവുശിക്ഷ അനുഭവിക്കണം എന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അഭയ കേസിൻ്റെ പേരിൽ ജോമോൻ പുത്തൻപുരയ്ക്കൽ സാമ്പത്തികനേട്ടം ഉണ്ടാക്കി എന്നും അമേരിക്കയിൽ വരെ പോയി പണപിരിവ് നടത്തി എന്നാണ് അപകീർത്തി കേസിന് ആസ്‌പദമായ ആരോപണം. ഈ ആരോപണം കളവാണെന്ന് തെളിയിച്ചുകൊണ്ട് പാസ്പോർട്ട് കോടതിയിൽ ഹാജരാക്കുകയും, അതിൽനിന്നും ജോമോൻ ഒരിക്കൽപോലും വിദേശത്ത് പോയിട്ടില്ല എന്ന് പാസ്പോർട്ടിൽ നിന്നും വെളിവാകുകയും ജോമോന് എതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ എല്ലാം കളവാണെന്നും തെളിഞ്ഞതിനെ തുടർന്നാണ് കോടതി പ്രതികളെ ശിക്ഷിച്ചത്.

ജോമോൻ പുത്തൻപുരയ്ക്കലിനോട് കലാകൗമുദി വാരികയിലൂടെ എഡിറ്റർ എം. സുകുമാരൻ നിരുപാധികം മാപ്പുപറഞ്ഞു പ്രസിദ്ധീകരിച്ചത് കോടതി അംഗീകരിക്കാതെ തള്ളി യതിനുശേഷമാണ് ശിക്ഷ വിധിച്ചത്.