കണ്ണൂർ : കണ്ണൂര്‍ കല്യാട് ചുങ്കസ്ഥാനത്ത് കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കർണാടക സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു.
ദർഷിതയും സിദ്ധരാജുവും ലോഡ്ജിൽവച്ചു വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദർഷിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി ഷോക്കേൽപിച്ചു കൊല്ലുകയും ചെയ്തതായി പൊലീസ് പറയുന്നു.
ദർഷിതയുടെ ഭർത്താവ് സുഭാഷ് വിദേശത്താണ്. കല്യാട്ടെ വീട്ടിൽനിന്നു വെള്ളിയാഴ്ച രാവിലെയാണു മകൾ അരുന്ധതിയുമായി ദർഷിത സ്വന്തം നാടായ കർണാടകയിലെ ഹുൻസൂർ ബിലിക്കരെയിലേക്കു പോയത്. അന്ന് വൈകുന്നേരമാണ് മോഷണവിവരം അറിയുന്നത്.
കല്യാട്ടെ വീട്ടിൽ ദർഷിതയ്‌ക്കൊപ്പം ഭർതൃമാതാവ് സുമതയും ഭർതൃസഹോദരൻ സൂരജുമാണ് താമസം. രാവിലെ ഇരുവരും പണിക്കുപോയി. ദർഷിതയാണ് അവസാനം വീടുപൂട്ടി ഇറങ്ങിയത്. ഇരുവരും വൈകിട്ട് പണികഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണു കവർച്ച നടന്നതായി അറിയുന്നത്.

