തിരുവനന്തപുരം : വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മോശമായ സന്ദേശങ്ങളയച്ചുവെന്നു കാട്ടി ക്രമസമാധാനവിഭാഗം എഐജി വി.ജി. വിനോദ്കുമാറിന്റെ പേരില്‍ രണ്ട് വനിതാ എസ്‌ഐമാരുടെ പരാതി. ദക്ഷിണമേഖലാ ഡിഐജി അജിതാബീഗം പരാതിക്കാരുടെ മൊഴിയെടുത്തശേഷം പോലീസ് മേധാവി -റവാഡ ചന്ദ്രശേഖറിന് റിപ്പോര്‍ട്ടുനല്‍കി. പ്രാഥമികാന്വേഷണം നടത്തിയശേഷം അദ്ദേഹം പോലീസ് ആസ്ഥാനത്തെ ആഭ്യന്തര പരാതിപരിഹാരസമിതിയിലെ എഐജി മെറിന്‍ ജോസഫിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചു.വിനോദ്കുമാര്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിരിക്കെ രാത്രികാലങ്ങളില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് വാട്സാപ്പ് വഴി സന്ദേശം പരാതി ക്രമസമാധാന വിഭാഗം എഐജി യുടെ പേരില്‍ വിശദാംശങ്ങള്‍ അയക്കുകയും വാട്സാപ്പിലൂടെതന്നെ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തിരുന്നതായി ആരോപണങ്ങളുയര്‍ന്നിരുന്നു.
പരാതിക്കുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി വി.ജി വിനോദ്കുമാറും സംസ്ഥാന പോലീസ് മേധാവിക്ക് പരാതിനല്‍കി. ഉദ്യോഗസ്ഥരുടെ ഫോണില്‍ വിളിച്ചതും സന്ദേശങ്ങള്‍ അയച്ചതും ജോലിയുമായി ബന്ധപ്പെട്ടുമാത്രമാണെന്നാണ് വിനോദ്കുമാര്‍ പറയുന്നത്. ആറന്മുള പോക്‌സോകേസ് അട്ടിമറി ഉള്‍പ്പെടെയുള്ള ഒട്ടേറെ വിവാദങ്ങളില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയത്. തുടര്‍ന്ന് ക്രമസമാധാനവിഭാഗം എഡിജിപി യുടെ ഓഫീസില്‍ നിയമിക്കുകയായിരുന്നു.

