കോട്ടയത്തെ ബിജെപിയുടെ വഴിപാട് സമരം: കർശന നിലപാടിൽ ബിജെപി സംസ്ഥാന നേതൃത്വം.പുതുപ്പള്ളിയിൽ സമരം പൊളിച്ചത് ചാണ്ടി ഉമ്മൻ

കോട്ടയം : കോട്ടയത്തെ വഴിപാട് സമരങ്ങൾക്ക് എതിരെ വാളോങ്ങി ബിജെപി സംസ്ഥാന നേതൃത്വം. കഴിഞ്ഞദിവസം പുതുപ്പള്ളിയിൽ നടത്തിയ എംഎൽഎ ഓഫീസ് മാർച്ച് ചാണ്ടി ഉമ്മൻ എംഎൽഎയുടെ രംഗപ്രവേശത്തോടെ സൗഹൃദ സംഗമമായി മാറിയതോടെയാണ് സംസ്ഥാന നേതൃത്വം ജാഗരൂകരായത് .
ഇത്തരത്തിൽ പാർട്ടിയുടെ മുഖം നഷ്ടപ്പെടുത്തുന്ന സമരങ്ങൾ വേണ്ടെന്നാണ് സംസ്ഥാന പ്രസിഡൻറ് തീരുമാനം. ഇതേത്തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ കോടിമത ഓഫീസിലേക്ക് നടത്താനിരുന്ന മാർച്ച് മാറ്റി. പിസി ജോർജിനെയാണ് ഉദ്ഘാടകനായി ക്ഷണിച്ചിരുന്നത്.
പുതുപ്പള്ളിയിലെ സമരം പോലെ എംഎൽഎയെ കാണുമ്പോൾ കുശലാന്വേഷണം നടത്തി പിരിയുന്ന നാണംകെട്ട സമരം ഇനി വേണ്ടെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് ബിജെപി.സമരം നടത്തിയ ബിജെപി വെട്ടിലായപ്പോൾ ചാണ്ടി ഉമ്മൻ ഹീറോയായി.
കോട്ടയത്തെ എല്ലാ എംഎൽഎ ഓഫീസുകളിലേക്കും മാർച്ച് നടത്താനാണ് ബിജെപി തീരുമാനം.കോട്ടയം മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയാണ് തിരുവഞ്ചൂരിന്റെ ഓഫീസ് മാർച്ച്.മാർച്ച് 7 മുതൽ 10 വരെ വ്യക്തമായ കർമ്മ പദ്ധതിയോടെ മാർച്ച് സംഘടിപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
പുതുപ്പള്ളിയിൽ മാർച്ച് സംഘടിപ്പിച്ച ബിജെപി കാഞ്ഞിരപ്പള്ളിയിൽ മൃദു സമീപനം സ്വീകരിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. കാഞ്ഞിരപ്പള്ളിയിൽ സിറ്റിംഗ് എംഎൽഎയ്ക്ക് പരിക്കേൽക്കുന്ന ഒന്നിനും ബിജെപി തയ്യാറല്ലെന്ന പൊതു വിമർശനം ഉയർന്നിട്ടുണ്ട്.കാഞ്ഞിരപ്പള്ളിയിൽ എംഎൽഎ വികസന കാരൃത്തിൽ വൻ പരാജയമായിട്ടും ആരോപണങ്ങൾ ഉന്നയിക്കാതെ ബിജെപി വഴിപാട് സമരം നടത്തി ചടങ്ങ് പൂർത്തീകരിച്ചത് സോഷൃൽ മീഡിയയിലടക്കം വിമർശനം ശക്തമായിട്ടുണ്ട്.

