റോഷി ഒറ്റുകാരനോ, കേരള കോണ്‍ഗ്രസില്‍ ചര്‍ച്ചയായി ശബ്ദരേഖ
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനം വീണ്ടും ചര്‍ച്ചയായി. മുന്നണി മാറ്റ ചര്‍ച്ച അട്ടിമറിച്ചത് റോഷി അഗസ്റ്റിന്‍വഴിയാണെന്ന സിപിഎം നേതാവിന്റെ ശബ്ദരേഖയോടെ നീക്കം രാഷ്ട്രീയ ചര്‍ച്ചയായി മാറുന്നു. മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് എന്‍.ജയരാജുമാണ് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നടന്ന നീക്കം തകര്‍ത്തതെന്ന് അന്നേ റിപ്പോര്‍ട്ടുണ്ടായിരുന്നു. കോട്ടയത്ത് ഇതു സംബന്ധിച്ച സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിനെത്തിയ റോഷി മാധ്യമങ്ങളോട് ആധികാരികമായി സംസാരിച്ചിരുന്നു. യോഗത്തില്‍ റോഷിയ്‌ക്കെതിരെ വയനാട് പ്രതിനിധികള്‍ ആഞ്ഞടിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് നേതൃ നീക്കത്തെ റോഷി ഏകപക്ഷീയമായി ഇടപെട്ടു തകര്‍ത്തു എന്ന വാര്‍ത്തകള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഞെട്ടലുളവാക്കിയരിക്കുകയാണ്. കെ.എം മാണിയുടെ കാലം മുതല്‍ പാര്‍ട്ടി ചെയര്‍മാനാണ് ഇത്തരം നീക്കങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. അതിനു മുകളിലേക്ക് റോഷി വളര്‍ന്നുവെന്നതാണ് നേതാക്കള്‍ കാണുന്നത്. ഇടതു മന്ത്രിസഭയിലെ അഞ്ചുവര്‍ഷം റോഷിയെ പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങളില്‍ പോലും ഒറ്റയ്ക്ക് തീരുമാനം എടുക്കുന്ന തലത്തിലേക്ക് മാറ്റി എന്ന വികാരം പാര്‍ട്ടിയിലുണ്ട്.
‘കേരള കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തരപ്രശ്‌നം വന്നു. ശരിയായ നിലപാട് എടുക്കാനുള്ള പിന്‍ബലം ആരാണു റോഷിക്കു കൊടുത്തത്. ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയെന്ന രൂപത്തില്‍ ഇടതുരാഷ്ട്രീയത്തില്‍നിന്നു വിട്ടുപോകാന്‍ മനസ്സു വരാത്തതിലേക്കു റോഷിയെ എത്തിപ്പിക്കാന്‍ നമുക്കു പറ്റിയില്ലേ. അതല്ലേ രാഷ്ട്രീയനേട്ടം. ഇനി ഏതുതരത്തിലും റോഷിയെ വിജയിപ്പിക്കണമെന്ന വികാരത്തിലേക്കു സഖാക്കള്‍ എത്തി. അങ്ങനെ എത്താത്തവര്‍ ഉണ്ട്.’ – ഇതാണ് ശബ്ദ രേഖ.അതേ സമയം ശബ്ദ രേഖയുടെ കാലത്തെപ്പറ്റി സംശയമുണ്ടെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. തങ്ങള്‍ ഒരു തീരുമാനം എടുത്താല്‍ അഞ്ച് എംഎല്‍എമാരും ഒപ്പമുണ്ടാകുമെന്ന് ജോസ് പ്രതികരിക്കുമ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇനിയും സമയമുണ്ടെന്നു തന്നെയാണ് സൂചന. യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നതാണ് ഈ വാക്കുകള്‍. ജോസഫ് വിഭാഗത്തിലെ ഒരു എംഎല്‍എയുമായി ചേര്‍ന്നാണ് റോഷി കരുക്കള്‍ നീക്കിയതെന്നാണ് പാര്‍ട്ടിയിലെ അണിയറ സംസാരം

