കോട്ടയം : മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീട്ടമ്മ മരിക്കാൻ ഇടയായ അതിദാരുണ സംഭവത്തെ കുറിച്ചുള്ള അന്വേഷണം പൂർത്തിയാകും വരെ മന്ത്രിമാരായ വീണ ജോർജ് വി എൻ വാസവൻ എന്നിവർ രാജി വച്ച് മാറി നിൽക്കണമെന്ന് ബി.ജെ. പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കോട്ടയത്ത് ബി.ജെ.പി സംഘടിപ്പിച്ച മെഡിക്കൽ കോളജ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി മൂന്ന് കാര്യങ്ങളാണ് പ്രധാനമായി മുന്നോട്ടുവയ്ക്കുന്നത്. അപകടത്തിൽ കൊല്ലപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം അനുവദിക്കുക. മകന് യോഗ്യതയ്ക്ക് അനുസൃതമായി സർക്കാർ സർവീസിൽ സ്ഥിര ജോലി നൽകുക.
കൂടാതെ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളും സുരക്ഷ ഓഡിറ്റ് നടത്തുക.
സുരക്ഷ ഓഡിറ്റ് നടത്താൻ സർക്കാർ വിമുഖത കാട്ടിയാൽ ബിജെപി ആ ദൗത്യം ഏറ്റെടുക്കും. സംസ്ഥാനത്തെ ജനറൽ ആശുപത്രികളിൽ എല്ലാം ഓഡിറ്റ് നടത്തി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.
കെട്ടിട തകർച്ചയിൽ ജീവൻ നഷ്ടപ്പെടാനിടയായ ഗുരുതര കുറ്റകൃത്യം ഏതു മന്ത്രിയുടെ ബീച്ച് കൊണ്ടാണുണ്ടായതെന്ന് അന്വേഷണത്തിലൂടെ തെളിയും. ഈ സമഗ്രാന്വേഷണ റിപ്പോർട്ട് വരും വരെ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ രാജിവെച്ച് മാറിനിൽക്കണം എന്നും അദ്ദേഹം പറഞ്ഞു.മാർച്ചിൽ ജലപീരംഗി ഏറ്റ് പരിക്കേറ്റ കോട്ടയം നഗരസഭ കൗൺസിലർ വിനു ആർ മോഹനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി കോട്ടയം ഈസ്റ്റ് വെസ്റ്റ് ജില്ലാ അധ്യക്ഷൻമാരായ ലിജിൻ ലാൽ, റോയ് ചാക്കോ, ദേശീയ സമിതി അംഗം പി സി ജോർജ്, സംസ്ഥാന സമിതി അംഗം രാധാകൃഷ്ണ മേനോൻ, സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായൺ നമ്പൂതിരി, മറ്റ് ജില്ലാ മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി

