യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി യുവാവ് അന്തരിച്ചു. വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി ഇരുളം സ്വദേശി മനോജ് കാവുങ്കല്‍ (39) ആണ് വിടപറഞ്ഞത്.
ഒരു വര്‍ഷം മുമ്പ് കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന മനോജ്, രോഗത്തിനെതിരെ ആത്മവിശ്വാസത്തോടെ പോരാടി ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.
രണ്ടാഴ്ച മുമ്പ് ഉണ്ടായ ഗുരുതരമായ ഇന്‍ഫെക്ഷന്‍ ആരോഗ്യനില വീണ്ടും വഷളാക്കുകയായിരുന്നു. നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് 7.30ഓടെയായിരുന്നു അന്ത്യം.
അഞ്ച് വര്‍ഷം മുമ്പാണ് മനോജും ഭാര്യ ലിപികയും യുകെയിലെത്തിയത്. നോട്ടിങ്ഹാമില്‍ കുടുംബസമേതം താമസിച്ചിരുന്ന ഇവര്‍ക്ക് മൂന്ന് വയസുള്ള സിയോണ എന്ന മകളുണ്ട്.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. യുകെയിലെ പൊതുദര്‍ശനവും നാട്ടിലെ സംസ്‌കാര ചടങ്ങുകളും സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് അറിയിക്കും.
സുല്‍ത്താന്‍ബത്തേരി ഇരുളം സെന്റ് സെബാസ്റ്റ്യന്‍സ് ആര്‍.സി. ചര്‍ച്ച് ഇടവകാംഗമായ മനോജ്, സുല്‍ത്താന്‍ബത്തേരി ഇരുളം കാവുങ്കല്‍ വീട്ടില്‍ ജോസ് കാവുങ്കല്‍, ഓമന ജോസ് ദമ്പതികളുടെ മകനാണ്. ഭാര്യ ലിപിക, നോട്ടിങ്ഹാമിലെ ക്വീന്‍സ് മെഡിക്കല്‍ സെന്ററില്‍ നഴ്സായി സേവനം അനുഷ്ഠിക്കുന്നു. സിയോണ ഏകമകളാണ്.

