by SURYA NEWS LIVE POLITICAL DESK
പത്തനംതിട്ട : വേദാന്തിയെ പോലെ സംസാരിച്ച് അയ്യപ്പവിഗ്രഹം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് മന്ത്രി വി. എന്‍ വാസവന്, സുപ്രീംകോടതി വിധി നടപ്പാക്കിയതില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ച് മുന്‍ ദേവസ്വം മന്ത്രി. പമ്പാതീരം സരയൂ നദിക്കരപോലെ വിശ്വാസ തീര്‍ത്ഥാടന സംഗമത്തിന് ഇടതു സര്‍ക്കാര്‍ നേതൃത്വം നല്കിയപ്പോള് അമ്പരന്ന് ബിജെപി. ഹിന്ദു വോട്ട് ബാങ്ക് തിരിച്ചുപിടിക്കാന്‍ വിശ്വാസികളുടെ ഹൃദയം കവരാന്‍ സിപിഎം പടപ്പുറപ്പാട് നടത്തുമ്പോള്‍ സംസ്ഥാനത്ത് പ്രത്യേകിച്ച് ബിജെപി ക്കുംകോണ്ഗ്രസിനും കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നു.
ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ ജയാപജയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ലക്ഷ്യം നിറവേറിയ സംതൃപ്തിയിലാണ് സിപിഎം. ശബരിമല യുവതി പ്രവേശന വിധിയെത്തുടര്‍ന്ന് പോലീസ് സഹായത്തോടെ നിയമ വഴിയെ നടന്ന ആദ്യ പിണറായി സര്‍ക്കാര്‍ വല്ലാതെ വെള്ളം കുടിച്ചു.രണ്ടാമത് വീണ്ടും കോവിഡ് കാല പരിചരണത്തിന്റെ പശ്ചാത്തലത്തില്‍ അധികാരത്തില്‍ ഏറിയെങ്കിലും ഹൈന്ദവ വിഭാഗത്തില്‍ ഉണ്ടായ മുറിവ് മാറിയില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു. രണ്ടാം ടേം അവസാനിക്കുന്നതിന് മുമ്പ് അത് തിരുത്തണമെന്ന് നിശ്ചയിച്ചു ഉറപ്പിച്ച മട്ടിലായിരുന്നു സിപിഎം.
പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ലോക്സഭാ ഇലക്ഷന് മുമ്പ് അയോധ്യയില്‍ നടത്തിയ അതേ മാസ്റ്റര്‍ പ്ലാന്‍ ആണ് സിപിഎം പകര്‍ത്തിയത്. ക്രൈസ്തവ മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് കൂടുതല്‍ അടുക്കുന്നു എന്ന തിരിച്ചറിവ് സിപിഎമ്മിനെ കഴിഞ്ഞ ലോക്സഭ ഇലക്ഷനിലൂടെ വല്ലാതെ വേട്ടയാടി. ഇലക്ഷനില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിക്ക് പിടിച്ചുകയറാന്‍ ഹിന്ദു വോട്ടുകള്‍ നിര്‍ണായകമായി. ഹൈന്ദവ വിശ്വാസികളുടെ ഹൃദയം കവരുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് പാര്‍ട്ടി ഇതോടെ മാറി. ബിജെപി ആകട്ടെ ഹൈന്ദവ വിഭാഗങ്ങളേക്കാള്‍ ക്രൈസ്തവ വോട്ടുകള്‍ നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ്. ഈ ഘട്ടത്തിലാണ് ഭരണത്തുടര്‍ച്ച എന്ന ഏകലക്ഷ്യം മുന്‍ നിര്‍ത്തി അയ്യപ്പ സംഗമത്തിന് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്.തങ്ങള്‍ ശബരിമലയില്‍ ചെയ്തത് തെറ്റാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ സംഗമത്തിലൂടെ ശ്രമിച്ചു.ശബരിമലയുടെ വികസനം എന്നത് വര്‍ഷങ്ങളായുള്ള പല്ലവിയാണെങ്കിലും പിണറായി സര്‍ക്കാര്‍ അത് ഏറ്റെടുത്തത് ഇലക്ഷനായി രാകിമൂര്ച്ചവരുത്തി രാഷ്ട്രീയ ആയുധമാക്കി.
ഭഗവത് ഗീതയിലെ ഭക്തരെ കുറിച്ചുള്ള ശ്ലോകങ്ങള്‍ ഉരുവിട്ട്, രാമായണത്തിലെ കഥ വിവരിച്ച്, പിണറായി വിജയന് ഹൈന്ദവ വിശ്വാസിയെപ്പോലെ സംസാരിച്ചപ്പോള്‍ നെഞ്ചിടിച്ചത് ബിജെപിക്കാണ്. പിണറായി വിജയന്റെ ഭരണ കാലഘട്ടത്തിനുശേഷം കേരളത്തില്‍ ഹൈന്ദവ വോട്ട് ബാങ്കുകള്‍ സമാഹരിച്ച് താമര വിരിയിക്കാം എന്ന സ്വപ്നത്തിലാണ് സിപിഎം ചിറകരിയുന്നത്. ക്ഷേത്രങ്ങളെ പരിപാലിക്കാന്‍ വിശ്വാസികള്‍ക്ക് തണലായി ചെങ്കൊടി മാറുമ്പോള്‍ ബിജെപിക്ക് പിടിച്ചുനില്ക്കാന് പുതിയ രാഷ്ട്രീയ അടവുകള്‍ പയറ്റേണ്ടിവരും.
ന്യൂനപക്ഷങ്ങളിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുന്ന ബിജെപിക്ക് ഏറെ അധ്വാനിക്കേണ്ട ദിനങ്ങളാണ് ഇനി കടന്നുവരുന്നത്. ഉത്തരേന്ത്യയിലെ ക്രൈസ്തവ വിഭാഗത്തിനു നേരെയുളള ആക്രമണങ്ങള്‍ കരുത്തു പകരുന്നത് കോണ്‍ഗ്രസിനാണ്. പ്രത്യേകിച്ച് ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിയായ പ്രിയങ്കഗാന്ധിയുടെ കേരളത്തിലെ സാന്നിധ്യം പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ്. കോണ്‍ഗ്രസ് കേരളത്തിലെ നേതൃനിരയില്‍ ഹൈന്ദവ മുഖത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഹൈന്ദവ സവര്‍ണ്ണ വിഭാഗത്തിന്റെ പ്രതിനിധികളായ വിഡി സതീശനും , രമേശ് ചെന്നിത്തലയും കെ മുരളീധരനും സംഘടനയുടെ നാവാകുമ്പോള്‍ പരമ്പരാഗത ഹൈന്ദവ വോട്ടുകള്‍ പിടിച്ചുനിര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിയുമെന്ന് തന്നെയാണ് അവരുടെ വിശ്വാസം. പിണറായി വിജയനും വാസവനും ഹി്ന്ദു വിഭാഗത്തിലെ മറ്റൊരു വിഭാഗത്തിന്റെ പ്രതിനിധികളാണ്. വെള്ളാപ്പള്ളിയുടെ ഉറച്ച പിന്തുണകൂടിയാകുമ്പോള്‍ പാര്‍ട്ടിക്ക് പ്രതിക്ഷയേറുന്നു.സിപിഎം വിശ്വാസനയത്തിലുളള യു ടേണ്‍ കോണ്‍ഗ്രസ് വളരെ കരുതലോടെയാണ് നോക്കിക്കാണുന്നത്.
ശബരിമലയിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു അടുത്തമാസം എത്തുന്നുണ്ട്. കൂടാതെ ബദല്‍ അയ്യപ്പ സംഗമത്തിനും ബി.ജെ.പി ആലോചിക്കുന്നു. ഹൈന്ദവ വോട്ടുകള്‍ പെട്ടിയില്‍ ആക്കാന്‍ ശ്രീരാമലക്ഷ്മണന്മാരെ പോലെ പിണറായിയും വെള്ളാപ്പള്ളി യും അണിനിരക്കുമ്പോള്‍ ബിഡിജെഎസ് എന്ന സംഘടനയുടെ മുന്നണി കൂട്ടുകെട്ട് ബിജെപിക്ക് ഗുണപ്രദം ആകുമോ. സിപിഎമ്മിനെ ജയിപ്പിക്കാന്‍ വെള്ളാപ്പള്ളി അരയും തലയും മുറുക്കി രംഗത്ത് വരുമ്പോള്‍ അതേ പ്രസ്ഥാനം നേതൃത്വം നല്കുന്ന രാഷ്ട്രീയ സംഘടനയെ ചുമക്കുന്നതുകൊണ്ട് തങ്ങള്‍ക്ക് നേട്ടമില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം ഇതിനകം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. പുതിയ രാഷ്ട്രീയ കരുനീക്കങ്ങളുടെ നാളുകള്‍ ആയിരിക്കും കേരളം ഇനി സാക്ഷ്യം വഹിക്കുക

