Spread the love

തൊട്ടതെല്ലാം വിവാദമാകുന്നതെങ്ങനെ, പിന്നിൽ ആര്

തിരുവനന്തപുരം : ഭരണം തുടങ്ങി രണ്ടാഴ്ചക്കുള്ളിൽ പലതവണ തിരുത്തലുകളിലേക്ക് നയിച്ച സംഭവങ്ങളുടെ പിന്നാമ്പുറവും ചർച്ചയാകുന്നു. സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫ് വിവാദവും രാജിയും തൊട്ടു പിന്നാലെ നിയമിച്ച സ്പെഷ്യൽ പ്ലീഡറുടെ രാജിയും യാദൃശ്ചികം അല്ലെന്നാണ് വിലയിരുത്തൽ. ഭരണത്തിലെ ഒരു പ്രമുഖൻ മാധ്യമങ്ങളോട് പറഞ്ഞത് പ്രതിപക്ഷം അല്ല വെല്ലുവിളി എന്നാണ്. സതീശൻ സർക്കാരിന് പാരയാകുന്നതാരാണ്. വിഎസ് സർക്കാരിനെ പിന്നാമ്പുറത്ത് ബന്ധിച്ചത് പോലെ ഈ ഭരണത്തിലും കാണാൻ ചരടുകൾ സജീവമാവുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഭരണ മുന്നണിയിൽ തന്നെ തെരഞ്ഞെടുപ്പ് മുതൽ പ്രതിഫലിക്കുന്ന ഭിന്നതയുടെ പുതിയ മുഖമാണിതെന്ന് സംസാരമുണ്ട്.

 

സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര ഉൾപ്പെടെ കയ്യടി നേടുന്ന പ്രവർത്തനങ്ങളാണ് യുഡിഎഫ് സർക്കാർ ആദ്യഘട്ടത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. കൂടാതെ 19ന് ബജറ്റ് വരുന്നു. ബജറ്റിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് മുഖ്യമന്ത്രിയും സാമ്പത്തിക വിദഗ്ധരുടെ സംഘവും. അതിനിടയിലാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്.

 

പുതിയ സർക്കാരിന് ആദ്യ തലവേദന എറണാകുളത്തുനിന്ന് തന്നെയായിരുന്നു. കിഴക്കമ്പലം മലയിടം തുരുത്ത് ദളിത് കോളനി നിവാസികളെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കാൻ ഉള്ള പോലീസ് നടപടി വിവാദമായി. ഇതേ തുടർന്ന് മുഖ്യമന്ത്രി നേരിട്ട് പ്രശ്നത്തിൽ ഇടപെട്ടു. പോലീസ് നടപടി താൽക്കാലികമായി നിർത്തിവച്ചു. തുടർന്ന് പ്രദേശവാസികളുമായി സംസാരിച്ച് സർക്കാർ നിയോഗിച്ച മന്ത്രി റോജി ജോൺ ഒരു ധാരണയിലെത്തി. സിപിഎം അരയും തലയും മുറുക്കി രംഗത്തുവന്ന പ്രശ്നമാണ് വളരെ തിടുക്കത്തിൽ സർക്കാർ കൈകാര്യം ചെയ്തത്. പക്ഷേ ഇതിൻറെ നേട്ടം ശബരിമല ഉൾപ്പെടെ ഉയർന്നു വന്ന വിവാദങ്ങളിൽ തട്ടി തെറിച്ചുപോയി.

 

ശബരിമലയിൽ വിവാദ കമ്പനിയുടെ അഭിഭാഷകനായിരുന്ന വ്യക്തിയെ സ്പെഷ്യൽ പ്ലീഡറായി നിയമിക്കാൻ ഉണ്ടായ സാഹചര്യം തന്നെ ഇപ്പോഴും വ്യക്തമല്ല.പ്രസ്തുത സ്ഥാനത്തേക്ക് ബിജെപി പശ്ചാത്തലം ഉണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്ന അഭിഭാഷകനെ എങ്ങനെ നിയോഗിച്ചു എന്നത് ഭരണ മുന്നണിയിൽ തന്നെ സംസാരവിഷയമാണ്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള തീരുമാനം എന്ന നിലയിൽ ഇതിനെ വ്യാഖ്യാനിക്കപ്പെട്ടു. ഫലത്തിൽ തീരുമാനത്തെ പരസ്യമായി അനുകൂലിക്കുന്ന രീതിയിലേക്ക് മന്ത്രി മുരളീധരനും മാറേണ്ടി വന്നു.

 

എന്നാൽ പ്രശ്നം പ്രതിപക്ഷം ശക്തിയായി ഉയർത്തിയതോടെ പ്രസ്തുത അഭിഭാഷകനോട് പ്ലീഡർ സ്ഥാനം രാജിവെക്കാൻ മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടു. ഇടതുമുന്നണി ഭരണകാലത്ത് ഏറ്റവും അധികം വിവാദമുയർന്ന ഒന്നാണ് ശബരിമല സ്വർണ്ണക്കൊള്ള കേസ്. യുഡിഎഫിന്റെ മധ്യകേരളത്തിലെ വിജയത്തിന് ഒരു പരിധിവരെ സഹായിച്ചതും ശബരിമല വിഷയമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പക്ഷേ ഈ തീരുമാനത്തിലൂടെ ആ പ്രതിച്ഛായ അല്പം ഇടിഞ്ഞു.

 

പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ള നിയമനങ്ങളിൽ ഭരണം മുന്നണിക്ക് ഒരു മനസ്സോടെ മുന്നോട്ടു പോകാൻ കഴിഞ്ഞില്ല എന്നുള്ള വിമർശനം ശക്തമാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പേഴ്സണൽ സ്റ്റാഫിലെ നിയമനങ്ങൾ മന്ത്രി സണ്ണി ജോസഫിന്റെ അളിയൻ നിയമനം സിപിഎം ബിജെപി അനുഭാവികളായ നിരവധിപേർ വീണ്ടും ഭരണത്തിൽ കയറിക്കൂടി എന്നുള്ള റിപ്പോർട്ടുകൾ ഇതെല്ലാം കത്തി നിൽക്കുകയാണ് പ്ലീഡർ നിയമനം വിവാദമായത്. നിയമവകുപ്പ് മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ വിവാദം കേന്ദ്രീകരിച്ചതും വി ഡി സതീശന് ചുറ്റുമാണ്.

 

ഭരണത്തിന്റെ മുഖം നഷ്ടപ്പെടുത്താനും വിവാദങ്ങളിൽ നിലനിർത്താനും ഒരു ലോബി പ്രവർത്തിച്ചു തുടങ്ങിയതായി ഇതിനകം തന്നെ റിപ്പോർട്ടുണ്ട്. സർക്കാരിൻറെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തരത്തിൽ ബാഹ്യശക്തി ഇടപെടൽ രൂക്ഷമാകുമോ എന്നാണ് ഇനി കണ്ടറിയാൻ ഉള്ളത്