യുവതി പ്രവേശത്തിന് കളം ഒരുക്കാന്‍ തന്നെയും ശ്രീജിത്തിനെയും ചതിച്ചു. എ പത്മകുമാറിന്റെ വെളിപ്പെടുത്തലില്‍ വിവാദം കത്തികയറുന്നു
ശബരിമല യുവതി പ്രവേശനത്തിന് കളംഒരുക്കാന്‍ അന്ന് ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരുന്ന തന്നെയും എഡിജിപി എസ്. ശ്രീജിത്തിനെയും സന്നിധാനത്തു നിന്നും മാറ്റി നിര്‍ത്തിയെന്ന എ പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ മുന്‍ സര്‍ക്കാരിന് തിരിച്ചടിയായി. പ്രത്യേക പ്ലീഡര്‍ നിയമനത്തില്‍ കൈപൊള്ളിയ സര്‍ക്കാരിന് പിടിവള്ളിയായി പുതിയ നീക്കം. പത്മകുമാറിന്റെ ആത്മകഥയിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുളളത്. തങ്ങളെ രണ്ടുപേരെയും തിരുവനന്തപുരത്തിന് വിളിപ്പിച്ചു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി എസ്. ശ്രീജിത്തിനെയും സന്നിധാനത്ത് നിന്ന് ബോധപൂര്‍വം മാറ്റിനിര്‍ത്തി. പാര്‍ട്ടിയിലും ഭരണനേതൃത്വത്തിലും ഉന്നത സ്വാധീനമുള്ള ഉന്നതനാണ് ഇതിനുവേണ്ടി ചരടുവലിച്ചതെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയെന്നാണ് പത്മകുമാറിന്റെ വെളിപ്പെടുത്തല്‍.
തന്റെ വീട്ടിലെ യുവതികളാരും ശബരിമല ദര്‍ശനത്തിന് പോകില്ലെന്ന് പ്രക്ഷോഭ സമയത്ത് പത്മകുമാര്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ അകറ്റിയത്. ഈ ദിവസം ശബരിമലയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന അന്നത്തെ ഐജി എസ് ശ്രീജിത്തിനെ സന്നിധാനത്ത് നിന്ന് മാറ്റുകയായിരുന്നു. പോലീസ് ആസ്ഥാനത്തേക്ക് അടിയന്തരമായി എത്താന്‍ ശ്രീജിത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
2019 ജനുവരി ഒന്നിന് മകരവിളക്ക് തീര്‍ത്ഥാടനം നടക്കുമ്പോഴാണ് സംഭവമുണ്ടായത്. അന്ന് പത്മകുമാര്‍ സന്നിധാനത്തേക്ക് പോകുമ്പോള്‍ അടിയന്തരമായി തിരുവനന്തപുരത്ത് എത്താന്‍ ഭരണ നേതൃത്വത്തിലെ ഓഫീസിലെ ഉന്നതന്‍ ഫോണില്‍ ആവശ്യപ്പെടുകയായിരുന്നു. പാര്‍ട്ടിയിലും ഭരണത്തിലും വലിയ സ്വാധീനമുള്ള ഉന്നതനെ കാണാനായിരുന്നു നിര്‍ദ്ദേശം. രാത്രി ഒരു മണിയോടെ തിരുവനന്തപുരത്ത് എത്തി അദ്ദേഹത്തിന്റെ വസതിയുടെ മുന്നിലെത്തിയെങ്കിലും അകത്തേക്ക് കടത്തിവിട്ടില്ല. തിരുവനന്തപുരത്തേക്ക് എത്തണമെന്ന് നിര്‍ദ്ദേശിച്ചയാളെ ഫോണ്‍ വിളിച്ചെങ്കിലും അദ്ദേഹവും ഫോണെടുത്തില്ല.
ഉന്നതന്‍ രാവിലെ അഞ്ച് മണിക്ക് നടക്കാനിറങ്ങുമെന്നും അപ്പോള്‍ കാണാമെന്ന് പൊലീസ് അറിയിച്ചു. ശേഷം പത്മകുമാര്‍ തന്റെ തിരുവനന്തപുരത്തുള്ള വീട്ടിലേക്ക് മടങ്ങി. അവിടെ നിന്ന് രാവിലെ അഞ്ച് മണിക്ക് ഇറങ്ങുമുമ്പ് ടിവി നോക്കിയപ്പോഴാണ് യുവതി പ്രവേശനമുണ്ടായ കാര്യം അറിയുന്നത്. ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നിവരാണ് ദര്‍ശനം നടത്തിയത്. പിന്നീട് ഉന്നതനെ കണ്ട പത്മകുമാര്‍ ഈ ചതി വേണ്ടായിരുന്നെന്ന് പറഞ്ഞെന്നാണ് വിവരം.

