Spread the love

കോട്ടയം : ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഒരു ഇടവേളക്കുശേഷം കേസ് നാളെ സുപ്രീംകോടതി മുൻപാകെ എത്തുന്ന സാഹചര്യത്തിലാണ് എൻഎസ്എസിന്റെ പ്രതികരണം

വിശ്വാസികൾ അതാണ് ആഗ്രഹിക്കുന്നതെന്നും സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കും എന്ന് പറയാന്‍ കഴിയില്ലയെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. യുവതി പ്രവേശനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും ഇടപെട്ടിട്ടില്ലായെന്നും എന്‍എസ്‌എസ് മാത്രമാണ് കക്ഷിയെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. പഴയ വാശിയിലും ഉശിരിലും കേസ് നടത്തുമെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശനം തെരഞ്ഞെടുപ്പിനെ ബാധിക്കും എന്ന് പറയാന്‍ കഴിയില്ല. നാളെ വാദം കേള്‍ക്കുന്നതിനുള്ള തിയ്യതി നിശ്ചയിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്. യുവതി പ്രവേശനത്തില്‍ കേന്ദ്രം ഒന്നും ചെയ്തില്ല എന്ന ആക്ഷേപം ഉണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തില്‍ നമ്മുക്ക് അഭിപ്രായം പറയാന്‍ കഴിയില്ലയെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. കുറ്റം ചെയ്താല്‍ കണ്ടുപിടിക്കണം. സര്‍ക്കാര്‍ തലത്തില്‍ അതിനുള്ള സംവിധാനം ഉണ്ട്. ദേവസ്വം ബോര്‍ഡ് അനാവശ്യമായി പണം ചെലവാക്കി എന്ന് തെളിയണം. എല്ലാത്തിനും സുതാര്യത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.