ശബരിമല യുവതി പ്രവേശനം വീണ്ടും കോടതിയില്‍. നിലപാട് മാറുമോ, സസ്പെന്‍സ് നിലനിര്‍ത്തി സിപിഎം.മാറാത്തതായി ഒന്നുമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച ഹര്‍ജികള്‍ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സുപ്രിംകോടതി മുമ്പാകെ എത്തുമ്പോള്‍ കണ്ണുകള്‍ ഇടതുമുന്നണിയിലേക്ക്. യുവതി പ്രവേശനത്തെ അനുകൂലിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്ത സര്‍ക്കാര്‍ ഇക്കുറി നിലപാട് മാറുമോ എന്നാണ് ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ സസ്പെന്‍സ് നിലനിര്‍ത്തിയാണ് സിപിഎം പ്രതികരണം,
കോടതി വിധി ആദ്യം വരട്ടെയെന്നും മാറാത്തതായി ഒന്നുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിച്ചു. വിശ്വാസികളോട് ഏറ്റവും കൂടുതല്‍ കൂറുള്ളത് ഞങ്ങള്‍ക്കാണെന്നും ഗോവിന്ദന് പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും ശബരിമല യുവതീ പ്രവേശന ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിനെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
‘സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. മാറാത്തതായി ഒന്നുമില്ല. സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിക്കും. വിശ്വാസികളുടെ നിലപാട് സംരക്ഷിക്കും. ജനാധിപത്യപരമായ ഉള്ളടക്കത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. രണ്ടും രണ്ടാണ്. ഞങ്ങള്‍ക്കാണ് വിശ്വാസികളോട് ഏ?റ്റവും കൂടുതല്‍ കൂറുള്ളത്. ഞങ്ങള്‍ അന്ന് കോടതി പറഞ്ഞ നിലപാടാണ് എടുത്തത്. കയ?റ്റണ്ടെന്ന് പറഞ്ഞാല്‍ ആ നിലപാട് സ്വീകരിക്കും. കോടതിയുടെ തീരുമാനം വരട്ടെ’- ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
ശബരിമല യുവതീ പ്രവേശനം വിവാദമാക്കി മാറ്റാനാഗ്രഹിക്കുന്ന ഒരുപാട് ശക്തികള്‍ കേരളത്തിലുണ്ടെന്നും എ വിജയരാഘവന് ആരോപിച്ചു. സങ്കീര്‍ണമായ വിഷയമായതുകൊണ്ട് എല്ലാവരെയും കേട്ട് ഒരു പൊതുനിലപാടില്‍ എത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോടതി ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് കാര്യം. വിശ്വാസികളെയും ഇടതുപക്ഷത്തെയും ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ഒരു അഭിപ്രായം പറയില്ല. വിശ്വാസികളുടെ കാര്യം പറയുമ്പോള്‍ കാണിക്കേണ്ട അവധാനതയുണ്ട്. വിശ്വാസികളെയും ഇടതുപക്ഷത്തെയും ഭിന്നിപ്പിക്കുന്ന തരത്തിലാണ് ശബരിമല വിഷയം കേരളത്തില്‍ കൈകാര്യം ചെയ്യപ്പെട്ടത്. വലതുപക്ഷ രാഷ്ടീയത്തിന് ലാഭമുണ്ടാക്കുന്ന തരത്തില്‍ ഒരു അഭിപ്രായ രൂപീകരണം നടത്തുകയെന്ന ഉദ്ദേശം ഇപ്പോഴില്ല. യുവതീ പ്രവേശന കാര്യത്തില്‍ ഒരു നിലപാട് എടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല’- വിജയരാഘവന് പറഞ്ഞു.

