പാലായില്‍ ജോസു തന്നെയോ അതോ പുതുതാരരോദയമോ?: റോഷിയെ വെട്ടാന്‍ നിഷ ജോസ് കെ. മാണിയുടെ പേരും
കോട്ടയം: സമീപകാല അഭിമുഖങ്ങളില്‍ ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ കട്ടായം പറയുന്നതോടെ, പാര്‍ട്ടി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പേ തന്നെ രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിച്ചു. ചിലര്‍ ഇത് ആത്മവിശ്വാസപരമായ നിലപാടായി കാണുമ്പോള്‍, മറ്റുചിലര്‍ അതിനെ മാണി ഗ്രൂപ്പിലെ ആഭ്യന്തര ശാക്തിക ബലപരിക്ഷണമായി വിലയിരുത്തുന്നു. ഇതു കേരള കോണ്‍ഗ്രസിന്റെ സംഘടനാ രീതിയല്ലെന്ന വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളിലും പാര്‍ട്ടി അനുഭാവികളും ഉയര്‍ത്തുന്നത്.
പൊതുവേദികളില്‍ ചെയര്‍മാന്റെ വാക്കുകള്‍ക്കു മീതേ കൊടികെട്ടാന്‍ ഉളള ധൈര്യം റോഷിക്ക് എങ്ങനെ വന്നു എന്ന ചോദ്യമാണ് ഉയരുന്നത്. ഒപ്പം പക്വതയുളള നേതാവായി ജോസ് കെ മാണി ഉയര്‍ന്നു എന്ന അഭിപ്രായം അനുയായികള്‍ക്കുണ്ട്. റോഷി അതിരുവിട്ടപ്പോഴും പാര്‍ട്ടി നേതൃത്വത്തിന്റെ മാന്യതയും അന്തസും ജോസ് കാത്തു എന്നാണ് നേതാക്കളുടെ പക്ഷം. മാണിസാറിന്റെ രാഷ്ട്രീയ പക്വതയിലേക്ക് ജോമോന്‍ ഉയര്‍ന്നു എന്നും അത് സമീകാല രാഷ്ട്രീയത്തില്‍ ഇല്ലാത്ത സ്വീകാര്യത ജോസിന് ഇത് നേടികൊടുത്തു എന്നും നേതാക്കള്‍ തുറന്നു സമ്മതിക്കുന്നു.
ജോസ് കെ. മാണി വീണ്ടും പാലായില്‍ മത്സരിക്കുകയാണെങ്കില്‍, അത് വിജയിക്കേണ്ട അനിവാര്യ പോരാട്ടമായിരിക്കും. വിജയമുണ്ടായാല്‍ നേതൃത്വം കൂടുതല്‍ ഉറപ്പു നേടും; പക്ഷേ പരാജയമുണ്ടായാല്‍ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലും ശക്തമാണ്. അത്തരമൊരു സാഹചര്യം പാര്‍ട്ടിക്കുള്ളിലെ ശക്തി സമവാക്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും ഇടയാക്കുമെന്ന ആശങ്ക പ്രവര്‍ത്തകരില്‍ നിലനില്‍ക്കുന്നു.എന്നാല്‍ പാര്‍ട്ടി തീരുമാനം വൃക്തമാക്കും മുമ്പ് റോഷി അഗസ്റ്റൃന് ജോസ് കെ മാണിയെ പാലായില്‍ മത്സരിപ്പിക്കണമെന്ന് എന്താണ് നിര്‍ബന്ധമെന്നാണ് ജോസ് അനുകൂലികള്‍ ചോദിക്കുന്നത്. അതില്‍ ഒരു ദുഷ്ട ലാക്ക് അവര്‍ മുന്നില്‍ കാണുന്നുണ്ട്.
പാലാ നിയമസഭാ മണ്ഡലത്തില്‍ ആരാകും സ്ഥാനാര്‍ത്ഥി എന്ന കാരൃത്തില്‍ കേരള കോണ്‍ഗ്രസ് (എം)ല്‍ നിര്‍ണായക ആലോചനകള്‍ പുരോഗമിക്കുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ യുടെ നേതൃത്വത്തില്‍, പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് പുറത്തേക്ക് നീങ്ങുന്നൊരു തീരുമാനം കൈക്കൊള്ളാനാണ് നീക്കമെന്നാണ് സൂചന.
പാലാ മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പ്രത്യേക സ്ഥാനമാണ് കൈവരിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ മഹാ പ്രതാപിയായിയായ കെഎം മാണി യുടെ പ്രവര്‍ത്തന മേഖലയായ ഈ മണ്ഡലം വീണ്ടും സ്വന്തമാക്കുക എന്നത് പാര്‍ട്ടിക്ക് അഭിമാനപ്രശ്‌നമാണ്. നിലവിലെ രാഷ്ട്രീയ ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകരില്‍ ഉണര്‍വ്വ് സൃഷ്ടിക്കുന്നതും സമൂഹത്തില്‍ നല്ല പ്രതികരണം ഉണ്ടാക്കുന്നതുമായ സ്ഥാനാര്‍ത്ഥിയെ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് നേതൃത്വം.
ഈ പശ്ചാത്തലത്തിലാണ് നിഷ ജോസിന്റെ പേരിന് മുന്‍തൂക്കം. സാമൂഹ്യപ്രവര്‍ത്തന രംഗത്തെ ശക്തമായ സാന്നിദ്ധൃം, കാന്‍സറിനെ അതിജീവിച്ച ഐതിഹാസികമായ വ്യക്തി ജീവിത പോരാട്ടം, വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ എന്നിവ നിഷയെ സാധാരണ രാഷ്ട്രീയ സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങളായി കാണപ്പെടുന്നു. വനിതാ പ്രതിനിധിത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട സമയമാണെന്ന രാഷ്ട്രീയ നിരീക്ഷണവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.
നിഷയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ രണ്ട് നേട്ടങ്ങള്‍ ലക്ഷ്യമിടാനാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വിലയിരുത്തുന്നത്. ഒന്നാമത്, പാലായില്‍ പുതിയൊരു പ്രതീക്ഷയും പുതുമയും സൃഷ്ടിക്കുക. രണ്ടാമത്, ജോസ് കെ. മാണിക്ക് സംസ്ഥാനതലത്തില്‍ പാര്‍ട്ടി സംഘടനയെ കൂടുതല്‍ ഏകോപിപ്പിക്കാന്‍ സമയം കണ്ടെത്തുക.പാര്‍ട്ടി ജോസ്, റോഷീ എന്നീ ചേരി തിരിവില്‍ നിന്ന് കറങ്ങാതെ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹം. എന്നാല്‍
പാര്‍ട്ടിയുടെ അടുത്തകാല രാഷ്ട്രീയ വിവാദങ്ങള്‍ പ്രവര്‍ത്തകരില്‍ ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നത് നേതൃത്വം അംഗീകരിക്കുന്നതാണ്. അതിനാല്‍ ഐക്യവും ഏകോപനവും ഉറപ്പാക്കുന്ന ശക്തമായ തീരുമാനങ്ങളാണ് ആവശ്യമായത്. ചരിത്രപരമായി വിഭജനങ്ങള്‍ നേരിട്ട പാര്‍ട്ടിയായതിനാല്‍, ഇനി ഒരുതരത്തിലുള്ള ‘പിളര്‍പ്പ്’ ഉണ്ടാകാതിരിക്കാന്‍ ചെയര്‍മാന്റെ കര്‍ശന സംഘടനാ നിയന്ത്രണം നിര്‍ണായകമാകും.
അന്തിമ തീരുമാനം പ്രഖ്യാപിക്കാനുള്ള സമയം അടുത്തിരിക്കെ, നിഷ ജോസ് കെ. മാണിയുടെ പേരിലുള്ള ചര്‍ച്ചകള്‍ പാലായിലെ രാഷ്ട്രീയ രംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വനിതാ നേതൃത്വത്തെ മുന്‍നിര്‍ത്തിയുള്ള ഈ നീക്കം പാര്‍ട്ടിക്ക് ശക്തമായ രാഷ്ട്രീയ സന്ദേശമാകുമോ എന്നത് ഇനി ദിവസങ്ങള്‍ തെളിയിക്കും.ഇത് റോഷിക്കും കൂട്ടര്‍ക്കും സര്‍പ്രെസാകാനാണ് സാധ്യത.
അതേ സമയം പാലായില്‍ ത്രികോണ മത്സരം വന്നാല്‍ ഇക്കുറി കേരള കോണ്‍ഗ്രസ് എമ്മിന് സാധ്യത എന്നതാണ് കണക്കുകൂട്ടല്‍. മാണി സി കാപ്പന് പാലായില്‍ പഴയ പ്രാഭവമില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഇതും അവസാന ലാപ്പില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് ബലം പകരും.

