Spread the love

കോട്ടയം : ചിങ്ങവനം ആസ്ഥാനമായുളള ക്‌നാനായ യാക്കോബായ സഭയിലെ രൂക്ഷമായ ആഭ്യന്തര സംഘര്‍ഷത്തിനിടെ ക്‌നാനായ യുവജന സമാജം അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു.

ക്നാനായ യാക്കോബായ സഭ അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായുള്ള ബന്ധം വിഛേദിച്ച് സ്വതന്ത്ര സഭയായി പ്രഖ്യാപിച്ച സമുദായ മെത്രോപ്പോലീത്ത ബിഷപ്പ് മാര്‍ സേവേറിയോസിന്റെ നിലപാടുകളോട് വിയോജിക്കുന്ന മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിലാണ് അന്തോഖ്യാ വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നത്. ഇതോടെ സഭയില്‍ സഭാ അധ്യക്ഷനായ ബിഷപ്പ് സേവേറിയോസുമായുളള കടുത്ത ഭിന്നത പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. സേവേറിയോസിന്റെ അന്തര്‍മുഖത്വമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് മേഖലാ മെത്രാപ്പോലീത്തന്മാരായ കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസ്, കുറിയാക്കോസ് മാര്‍ ഇവാനിയോസ്, ഫാ.ജിബി പ്ലാന്തോട്ടം, മുന്‍ സമുദായ സെക്രട്ടറി ഏലിയാസ് സഖറിയ പാറയില്‍, ട്രസ്റ്റി കെ.കെ കുരുവിള കേളചന്ദ്ര, അസോസിയേഷന്‍ അംഗം ടിനു എബ്രഹാം തോട്ടുപുറത്ത്, റെജി പഴയ പീടികയില്‍ എന്നിവര്‍ അറിയിച്ചു.

സഭയുടെ സത്യവിശ്വാസങ്ങള്‍ക്കും പാരമ്പര്യത്തിനും വിരുദ്ധമായ കാര്യങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി സമുദായത്തില്‍ നടക്കുകയാണ്. ഇതിന് സമുദായ നേതൃത്വത്തിലുള്ള ചിലരുടെ പിന്തുണയുണ്ട്. ഇത്തരം നീക്കങ്ങള്‍ സമുദായത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതിനാല്‍ ഇതിനെതിരായുള്ള ചെറുത്തുനില്‍പ്പിന്റെ ഭാഗമായാണ് തിരുമൂലപുരത്ത് വിശ്വാസ സംരക്ഷണ സംഗമം നടത്തുന്നതെന്ന് അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി അറിയിച്ചു.

ക്‌നാനായ സമുദായം പരിശുദ്ധ ആകമാന സുറിയാനി സഭയുടെ ഭാഗമായി തന്നെ തുടരുക, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനവുമായി ക്‌നാനായ സമുദായത്തിനുള്ള ബന്ധവും വിധേയത്വവും മാറ്റമില്ലാതെ തുടരുക, സമുദായത്തിലും വിവിധ പ്രസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന വിഭാഗീയത അവസാനിപ്പിക്കുക, സമുദായത്തിന്റെ സമസ്ത മേഖലകളിലും സമാധാനവും സൌഹൃദവും സ്‌നേഹവും പുനസ്ഥാപിക്കുക, കേസുകള്‍ കൊടുത്തിട്ടുള്ള എല്ലാം കക്ഷികളും അവ പിന്‍വലിക്കുക, വൈദികരുടെ ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ ആറുമാസത്തിലൊരിക്കല്‍ നിരീക്ഷിക്കു, ആവശ്യമെങ്കില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള ക്രമീകരങ്ങള്‍ ഫലപ്രദമായി നടപ്പാക്കുക, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയെയും മെത്രാപ്പോലീത്താമാരെയും വൈദികരെയും അപകീര്‍ത്തിപ്പെടുത്തുന്നവരുടെ മേല്‍ നിയമാനുസരണമായ നടപടികള്‍ സ്വീകരിക്കുക, സുവിശേഷ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുക, വൈദികര്‍ക്കും, ശുശ്രൂഷകര്‍ക്കും, സുവിശേഷകര്‍ക്കും നല്‍കുന്ന അലവന്‍സുകള്‍ കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഗമത്തില്‍ ഉയരുമെന്ന് അവര്‍ പറഞ്ഞു.