കോട്ടയം: പാലായിൽ കേരള കോൺഗ്രസ് എം ഇടതു സ്ഥാനാർത്ഥിയായി ജോസ് കെ മാണി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കഴിഞ്ഞ ദിവസങ്ങളിൽ ക്രൈസ്തവസഭ നേതൃത്വവുമായി ജോസ് കെ മാണി ചർച്ച നടത്തി. അതിനിടെ സിറ്റിംഗ് എംഎൽഎ മാണിസി കാപ്പൻ വീണ്ടും മത്സരിക്കും. യുഡിഎഫിന്റെ സീറ്റ് ചർച്ചകളിൽ പങ്കെടുത്ത മാണിസി കാപ്പൻ കേരള ഡെമോക്രാറ്റിക് പാർട്ടിക്ക് ഒരു സീറ്റ് കൂടി ആവശ്യപ്പെടുകയും ചെയ്തു. ബിജെപി മുന്നണി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് രംഗപ്രവേശം ചെയ്തിട്ടുണ്ട്. ബിജെപി മുന്നണി വികസിപ്പിക്കുന്ന പുതിയ സാഹചര്യത്തിൽ സ്ഥാനാർത്ഥ്യത്തിൽ മാറ്റം വരുമോ എന്നറിയില്ല. ഇതോടെ പാലായിൽ മൂന്ന് മുന്നണികളും ക്രൈസ്തവ സ്ഥാനാർത്ഥികളെ രംഗത്തിറക്കുമെന്ന് സൂചന. ഇത്തരമൊരു സാഹചര്യത്തിൽ ഹൈന്ദവ വോട്ടുകൾ വിഭജിച്ചു പോകാതിരിക്കാനായി സമാന സമുദായങ്ങളിലുള്ള സ്ഥാനാർത്ഥികളെ ബിജെപി നേതൃത്വം പാലായിൽ നോക്കുന്നതായി സൂചനയുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ വോട്ടുകൾ വിഭജിച്ച് ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് അനുകൂലമാകുമെന്ന കണക്ക് കൂട്ടലാണ് പാർട്ടിക്കുള്ളത്. എന്നാൽ ശബരിമല കൊള്ള വിഷയം കത്തി നിൽക്കുന്നതിനാൽ അത് യുഡിഎഫിന് ഗുണപ്രദമാകും എന്നാണ് അവരുടെ കണക്കുകൂട്ടൽ
പാലായിൽ എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി രംഗത്തെത്തിയേക്കും. ജോസ് ഇത്തവണയും സ്ഥാനാർഥിയാകുമെന്നാണ് പാർട്ടിനേതാക്കൾ നൽകുന്ന സൂചന. കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ജോസ് പാലായിൽ മത്സരിക്കണമെന്ന് പാർട്ടിപ്രതിനിധികൾ അഭിപ്രായപ്പെട്ടിരുന്നു. മുന്നണി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 54 വർഷത്തോളം കെ.എം. മാണി പ്രതിനിധാനംചെയ്ത മണ്ഡലം തിരിച്ചുപിടിക്കേണ്ടത് പാർട്ടിയുടെ അഭിമാനപ്രശ്നമാണ്. കുറച്ചുനാളായി ജോസ് പാലാ നിയോജകമണ്ഡലത്തിൽ പൊതുപരിപാടികളിൽ സജീവമാണ്. 2021-ലെ തിരഞ്ഞെടുപ്പിൽ 15,386 വോട്ടിനാണ് ജോസ് പരാജയപ്പെട്ടത്.
ഷോൺ സ്ഥാനാർഥിയായി വരണമെന്ന് പി.സി. ജോർജ് പരസ്യമായി പറഞ്ഞിരുന്നു. ഇൗ രീതിയിലാണ് കാര്യങ്ങളെങ്കിൽ മൂന്നുമുന്നണികളുടെയും ശക്തരായ സ്ഥാനാർഥികൾ തമ്മിലുള്ള ത്രികോണപോരാട്ടത്തിനാകും പാലാ സാക്ഷ്യംവഹിക്കുക. ഷോൺ എത്തിയാൽ യുഡിഎഫ് വോട്ടുകൾ വിഭജിച്ചുപോകുമെന്നും ഇത് തങ്ങൾക്ക് ഗുണകരമാകുമെന്നുമാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.
ഭരണവിരുദ്ധവികാരവും കഴിഞ്ഞ അഞ്ചുവർഷം എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിലുണ്ടാക്കിയ സ്വാധീനവും തുണയാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. മുൻപ് പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്നതും നിലവിൽ പാലാമണ്ഡലത്തിന്റെ ഭാഗവുമായ ആറു പഞ്ചായത്തുകളിൽ പി.സി. ജോർജിനുള്ള വ്യക്തിപരമായ സ്വാധീനമാണ് ബിജെപി പ്രതീക്ഷ.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ബിജെപി മുന്നണിയും സ്ഥാനാർത്ഥിത നടപടികൾ വേഗത്തിലാക്കി പ്രചരണത്തിലേക്ക് കടക്കും എന്നാണ് സൂചന. കോൺഗ്രസ് ചർച്ചകൾ അവസാനഘട്ടത്തിലേക്ക് നീളുകയുമാണ്

