തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്. ബിജെപിയുടെ തിരുവനന്തപുരം കോർപറേഷൻ വിജയത്തിനു പിന്നാലെയാണ് അദ്ദേഹം തലസ്ഥാനത്തെത്തുന്നത്.
വിമാനത്താവളത്തിൽ നിന്നു പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വലിയ പ്രതീക്ഷയാണ് നഗരം പുലർത്തുന്നത്. വർഷങ്ങളായി നടപ്പാകാതെകിടക്കുന്ന പദ്ധതികൾക്കു പരിഹാരമാവുമെന്നു പ്രതീക്ഷിക്കുന്നതിനൊപ്പം അടുത്ത വികസനക്കുതിപ്പിനുള്ള നാന്ദികുറിക്കലാവും ഈ സന്ദർശനമെന്നും പൊതുവേ കരുതുന്നുണ്ട്. ബിജെപി ഭരണമേറ്റാൽ, 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്തെ ജനങ്ങളെ കാണുമെന്ന വാഗ്ദാനം നിറവേറുകയാണ്.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഈസമയത്ത് ശംഖുംമുഖം ആഭ്യന്തര വിമാനത്താവളം-ശംഖുംമുഖം -ഓൾസെയ്ന്റ്സ്-ചാക്ക പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി-ആശാൻ സ്‌ക്വയർ- രക്തസാക്ഷിമണ്ഡപം-വിജെടി മെയിൻഗേറ്റ്-സ്റ്റാച്യു-പുളിമൂട്- ആയുർവേദ കോളേജ്-ഓവർബ്രിഡ്ജ്- മേലേപഴവങ്ങാടി-പവർഹൗസ് ജങ്ഷൻ-ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
10 മണിമുതൽ 11വരെയും ഉച്ചയ്ക്ക് 12മുതൽ ഒരു മണിവരെയും ഗതാഗതം വഴിതിരിച്ചുവിടും. കിഴക്കേക്കോട്ട ഭാഗത്തുനിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസുകൾ അട്ടക്കുളങ്ങര ഭാഗത്തുനിന്നാണ് സർവീസ് നടത്തുന്നത്. നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമേ പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാവൂ. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 0471-2558731, 9497930055 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

