നിയാസ് മുസ്തഫ
രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ (സമയം രാവിലെ 10.35) എന്‍ഡിഎ സഖ്യം 168 സീറ്റിലും മഹാസഖ്യം 71 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലും മുന്നിട്ടുനില്‍ക്കുകയാണ്. അന്തിമഫലം വരുമ്പോള്‍ എന്‍ഡിഎ മുന്നണി വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായി.
എന്‍ഡിഎ മുന്നണി കേവല ഭൂരിപക്ഷം മറി കടന്നിട്ടുണ്ട്.
243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 66.91% എന്ന റെക്കോര്‍ഡ് പോളിങ് നടന്ന തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനും എന്‍ഡിഎക്കും ഭരണത്തുടര്‍ച്ചയാണ് എക്‌സിറ്റ് പോളുകളെല്ലാം പ്രവചിച്ചിരുന്നത്. എന്‍ഡിഎക്ക് 130 മുതല്‍ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതല്‍ 108 വരെ സീറ്റുകളുമാണ് പ്രവചനം.
ഏറ്റവും വലിയ ഒറ്റകക്ഷിയായി തിളങ്ങുകയാണ് ബിജെപി. അതേസമയം, നൂറ് സീറ്റ് പോലും തുകയ്ക്കാനാവാതെ മഹാസഖ്യം കിതയ്ക്കുന്ന കാഴ്ചയും കാണാം.
പരാജയം മുന്നില്‍ കണ്ടാവാം വോട്ടെണ്ണല്‍ ദിവസം വോട്ട് കൊള്ള ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് മാണിക്യം ടാഗോര്‍ രംഗത്തുവന്നു. ഭൂരിഭാഗവും പ്രതിപക്ഷ വോട്ടര്‍മാരായ 65 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാല്‍ ഫലം എന്താകുമെന്ന് പ്രതീക്ഷിക്കാമെന്ന് വോട്ട് കൊള്ള ആരോപണമുന്നയിച്ച് മാണിക്യം ടാഗോര്‍ പ്രതികരിച്ചു.
ബിഹാറില്‍ എന്‍ഡിഎ കുതിക്കുമ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുന്നു. ആര്‍ജെഡിയുടെ കരുത്തിലാണ് മഹാസഖ്യം പിടിച്ചുനില്‍ക്കുന്നത്.
വിജയം ആഘോഷിക്കാനുളള വന്‍ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി ക്യാംപ്. വിജയം ഉറപ്പായതോടെ ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് അറിയുന്നു.
എക്‌സിറ്റ് പോളുകള്‍ അനുകൂലമായതോടെ പൂര്‍ണ ആത്മവിശ്വാസത്തിലായിരുന്നു വോട്ടിംഗ് ദിവസം ബിജെപി ക്യാമ്പുകള്‍. ബിജെപി ദേശീയ ആസ്ഥാനത്ത് വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്. പതിവുപോലെ കൗണ്ടിംഗ് ഡേ സ്‌പെഷല്‍ പൂരിയും ജിലേബിയും തയാറാക്കിയിരുന്നു.
നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് ബീഹാര്‍ മന്ത്രി അശോക് ചൗധരി പ്രതികരിച്ചു. നിതീഷ് കുമാറിനെ മാറ്റിനിര്‍ത്തിയവര്‍ക്ക് ഇപ്പോള്‍ നിതീഷ് കുമാര്‍ എന്താണെന്ന് മനസ്സിലായി എന്നായിരുന്നു അശോക് ചൗധരിയുടെ പരാമര്‍ശം.
അതിനിടെ, നിതീഷിനെ കടുവയെന്ന് വിശേഷിപ്പിച്ച് ജെഡിയു ബാനര്‍ ഉയര്‍ന്നു. ദളിതരുടെയും പിന്നാക്കക്കാരുടെയും അതി ദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷകനായ കടുവ ജീവനോടെ തന്നെയുണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ജെഡിയു പറ്റ്‌ന ഓഫീസിലാണ് ബാനര്‍ ഉയര്‍ന്നത്. 2025 – 2030 വരെ നിതീഷ് തുടരുമെന്നും ബാനറില്‍ പറയുന്നു.

