Spread the love

ജയ്പൂർ : ജയ്പൂർ: രാജസ്ഥാനിൽ ചുമ മരുന്ന് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു. പത്തോളം പേർ ചികിത്സയിൽ ആണ് . രാജസ്ഥാനിലെ സികാർ ജില്ലയിൽ നിന്നുള്ള നിതീഷ് (5), സാമ്രാട്ട് ജാദവ് (2) എന്നിവരാണ് ചുമ മരുന്ന് കഴിച്ചതിനു പിന്നാലെ ആണ് മരണപ്പെട്ടത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടറായ താരാചന്ദ് യോഗിയാണ് മരുന്ന് കുറിച്ചത്.

അതേസമയം ചുമ മരുന്ന് സുരക്ഷിതമാണെന്ന് തെളിയിക്കാനായി ഒരു ഡോസ് കഴിച്ച ഡോക്ടറെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ചെയ്തു.

കേസൺ ഫാർമ(Kayson Pharma) നിർമിച്ച കഫ്സിറപ്പാണ് ആശങ്ക പരത്തിയിരിക്കുന്നത്. ഡെക്സ്ട്രോമെതോർഫൻ ഹൈഡ്രോബ്രൊമൈഡ് എന്ന സംയുക്തം അടങ്ങിയ ചുമ മരുന്ന് കഴിച്ചാണ് തിങ്കളാഴ്ച അഞ്ചുവയസ്സുകാരൻ മരിച്ചത്. മരുന്ന് കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു. ചുമയും പനിയും ബാധിച്ചാണ് നിതീഷിനെ ചിരാനയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചത്. അവിടെ നിന്ന് ഡോക്ടർ എഴുതിക്കൊടുത്ത ചുമ മരുന്ന് രാത്രി പതിനൊന്നരയോടെയാണ് അമ്മ നിതീഷിന് നൽകിയത്. എന്നാൽ പുലർച്ചെ മൂന്നുമണിയോടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അൽപം വെള്ളം കൊടുത്തതിനുശേഷം മകനെ കിടത്തിയുറക്കിയെങ്കിലും പിന്നീട് അവൻ എഴുന്നേറ്റില്ലെന്ന് മാതാപിതാക്കൾ പറയുന്നു.

നിതീഷിന്റെ മരണവാർത്ത പുറത്തുവന്നതോടെ സമാന രീതിയിലാണ് തങ്ങളുടെ കുട്ടി മരണപ്പെട്ടതെന്നു ചൂണ്ടിക്കാട്ടി സാമ്രാട്ട് ജാദവ് എന്ന 2 വയസ്സുകാരന്റെ കുടുംബാംഗങ്ങളും രംഗത്തെത്തി. ഏതാനും ആഴ്ചകൾക്കു മുൻപാണ് ഈ കുട്ടി മരണപ്പെട്ടത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള എട്ട് കുട്ടികളെയാണ് രാജസ്ഥാനിൽ സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം പ്രസ്തുത സിറപ്പിന്റെ 22 ബാച്ചുകൾ വിലക്കുകയും മരുന്നിന്റെ വിതരണം മരവിപ്പിക്കുകയും ചെയ്തു.

ശ്വാസതടസ്സത്തിനും അമിതക്ഷീണത്തിനും കാരണമായ ചുമ മരുന്നിന്റെ വിതരണം വിലക്കിയെന്ന് ബൻസ്വാരയിലെ മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിലെ ശിശുരോഗവിദഗ്ധൻ ഡോ. പ്രദ്യുമൻ ജെയ്ൻ എൻഡി ടിവിയോട് പറഞ്ഞു. മരുന്നിന്റെ ഡോസ് കൂടിപ്പോയതാവാം കാരണമെന്നും ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.