തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിൽ. വിലാപയാത്ര രാവിവെ 7.30 ഓടെയാണ് കായംകുളത്ത് എത്തിയത്. കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ച് വഴിയോരം നിറയെ മഴയെ അവഗണിച്ചും പ്രിയസഖാവിനെ ഒരുനോക്കുകാണാനായി നിരവധിപേരാണ് കാത്തുനിന്നത്. ഇന്ന് രാവിലെ ഒമ്പുമണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ എല്ലാ കണക്കൂട്ടലുകളെയും തെറ്റിച്ചുകൊണ്ടാണ് ആയിരങ്ങൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാതിരാനേരത്തും കാത്തുനിന്നത്.
അതേസമയം പുന്നപ്രയിലെ വീട്ടില്‍നിന്ന് ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് വലിയചുടുകാട്ടിലാണ് സംസ്കാരം.
ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ രാത്രിയും കാത്തുനിന്നത്.
ചുവന്ന കൊടിയുമായി കണ്ണേ… കരളേ വിഎസേ എന്ന മുദ്രാവാക്യവുമായി അവര്‍ ആ ബസിന് പിന്നാലെ ഓടുകയാണ്….. ഇന്നു വരെ കേരളം ആര്‍ക്കും നല്‍കാത്ത യാത്ര അയപ്പ്. ലാല്‍ സലാം… റെഡ് സല്യൂട്ട്…. ഈ വിളികളില്‍ മുഖരിതമായി വിഎസിന്റെ യാത്ര. ഇങ്ങനെ പോയാല്‍ ഇനിയും വിഎസ് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലെത്താന്‍ മണിക്കൂറുകള്‍ എടുക്കും. എല്ലാം വേഗത്തില്‍ ചെയ്ത് മടങ്ങാന്‍ ഒരുങ്ങിയ സഖാക്കളായ നേതാക്കള്‍ക്ക് കാത്തിരിക്കേണ്ട അവസ്ഥയാണ്.

