കോട്ടയം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള കേരള കോൺഗ്രസ് എം സെക്രട്ടറിയേറ്റ് യോഗത്തിൽ വനംവകുപ്പിനെതിരെ അതിരൂക്ഷ വിമർശനം. ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിന് അപമാനിക്കുകയും നാണം കെടുത്തുകയും ചെയ്യുന്ന നിലപാടാണ് വനം മന്ത്രിയും വനം വകുപ്പും സ്വീകരിക്കുന്നതെന്ന് സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നു.
വന്യജീവി ആക്രമണത്തിന് ബോധ്യപ്പെടുന്ന രീതിയിലുള്ള ഒരു പരിഹാരമോ മറുപടിയോ നൽകാൻ പോലും മൂന്നാമത്തെ ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിന് കഴിയുന്നില്ല. കേന്ദ്രത്തെ കുറ്റം പറഞ്ഞു കാലം കഴിയുകയാണ്. സംസ്ഥാന സർക്കാരും വനം വകുപ്പും തുടരെത്തുടരെ കേന്ദ്ര പരിസ്ഥിതിമന്ത്രിക്ക് കത്തെഴുതുന്നു. ഒരു നടപടിയും ഉണ്ടാകുന്നില്ല. കാട്ടാനകളുടെയും പന്നികളുടെയും ആക്രമണത്തിൽ കർഷകർ പൊറുതിമുട്ടുകയാണ്. കേരള കോൺഗ്രസ് എം പ്രവർത്തകർക്ക് കർഷകരെ സമീപിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളത്.
അതിനിടയിലാണ് ഇടുക്കി തൊമ്മൻകുത്തിൽ കുരിശ് നീക്കം ചെയ്ത സംഭവം ഉണ്ടായത്. ഫോറസ്റ്റ് അധികൃതരാണ് സെൻറ് ജോർജ് പള്ളിയുടെ കുരിശു നീക്കം ചെയ്തത്. കൈവശ ഭൂമിയിലാണ് കുരിശു സ്ഥാപിച്ചതെന്ന് പള്ളി അധികൃതർ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. തുടർന്ന് റവന്യൂ രേഖകളിലും അത് ഏറെക്കുറെ ശരിയാണെന്ന് തെളിഞ്ഞു. ഇതിനിടയിലും പള്ളി അധികൃതർക്കെതിരെ കേസ് എടുക്കാൻ പോലും നീക്കം ഉണ്ടായി.
കേരള കോൺഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രങ്ങളാണ് ഇടുക്കിയും കോട്ടയവും. സഭയും സഭാ പിതാക്കന്മാരുമായി എന്നും അഗാധ ഹൃദയബന്ധം ആണ് പാർട്ടിക്കുള്ളത്. അതിന് ഉലച്ചിൽ തട്ടാൻ കെഎം മാണി ഒരിക്കലും അനുവദിച്ചിരുന്നില്ല.പക്ഷേ ഇന്ന് കാര്യങ്ങൾ കൈവിട്ടു പോകുന്നു. വനംവകുപ്പ് ഏകപക്ഷീയമായി ചെയ്യുന്നതാണ് ഇതെന്ന് കരുതാനാവില്ല. ഇതിന് ഭരണത്തിലെ പലരുടെയും ഒത്താശയുണ്ട്. വനംമന്ത്രിയെ സ്വന്തം പാർട്ടി പ്രതിസന്ധിയിൽ ആക്കിയപ്പോൾ പോലും സംരക്ഷിച്ചു നിർത്തിയത് മുഖ്യമന്ത്രിയാണ്.എല്ലാവരും അരിയാഹാരമാണ് കഴിക്കുന്നത്.കാര്യങ്ങൾ വ്യക്തമാണ്. എന്ന തലത്തിൽ വരെ എത്തി ചിലവിമർശനം.
കേരള കോൺഗ്രസ് എമ്മിന്റെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോവുകയാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിമർശനപരമായി വിലയിരുത്തിയാൽ പാർട്ടിയുടെ ശേഷി ചോർച്ചയും വ്യക്തമാവും. വന്യജീവി ആക്രമണം രൂക്ഷമായ സ്ഥലങ്ങളിൽ ഒന്നാണ് നിലമ്പൂർ.
യുഡിഎഫ് എണ്ണയിട്ട യന്ത്രം പോലെയാണ് നിലമ്പൂരിൽ പ്രവർത്തിച്ചത്. സമീപകാലത്ത് ഉണ്ടാവാത്ത ഐക്യം പ്രകടമായിരുന്നു.മികച്ച യുവജന ടീമാണ് അവർക്കുള്ളത്. ഇത്തരം ചുവരെഴുത്തുകൾ നേതൃത്വം കാണാതെ പോകരുത് എന്നും വിമർശനം ഉണ്ടായി
അതേസമയം കേരള കോൺഗ്രസ് എം യുഡിഎഫും ആയി ചർച്ചകൾ ഒന്നും നടത്തുന്നില്ലെന്ന് അധ്യക്ഷനായിരുന്ന ചെയർമാൻ ജോസ് കെ മാണി അറിയിച്ചു
ഒരു നേതാക്കളും തങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ല.ഇടതുമുന്നണിയിൽ ഹാപ്പിയാണ്.മുന്നണി മാറേണ്ട ഒരു സാഹചര്യവുമില്ല – അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിലമ്പൂരിലെ ജനവിധി സംസ്ഥാനത്തെ പൊതു സാഹചര്യമായി യുഡിഎഫ് പോലും കാണുന്നില്ല.അതുകൊണ്ടാണ് കൂടുതൽ ഘടകകക്ഷികളെ ചേർക്കുമെന്ന് യുഡിഎഫ് പറയുന്നത്
തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ എന്നത് കേരള കോൺഗ്രസിന് അവകാശപ്പെട്ടത്.ഇക്കാര്യം എൽഡിഎഫിൽ ആവശ്യപ്പെടും.

