Spread the love

കവടിയാര്‍ കൊട്ടാരത്തില്‍ മോഷണം, അമൂല്യ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സൂചന, പോലീസ് അന്വേഷണം തുടങ്ങി. പ്രതികരിക്കാതെ കൊട്ടാരം

തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജവംശത്തി്‌ന്റെ ആസ്ഥാനമായ കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് അമൂല്യ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി. ആഭരണങ്ങള്‍ മോഷണം പോയെന്ന് സ്ഥിരീകരിക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന സംഭവത്തില്‍ ശനിയാഴ്ച്ചയാണ് കവടിയാര്‍ കൊട്ടാരം പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയത്.

ആദ്യ ഘട്ടത്തില്‍ കൊട്ടാരത്തിനുള്ളില്‍ തന്നെ അന്വേഷണം നടന്നിരുന്നു. പിന്നിലാരെന്ന് സംബന്ധിച്ച് കുടുംബത്തിന് ചിലരെ സംശയമുണ്ടെന്നാണ് സൂചന. പിന്നാലെയാണ് നിയമ സഹായം തേടിയത്. കൊട്ടാരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെയും സന്ദര്‍ശകരുടെയും ഉള്‍പ്പെടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കൊട്ടാരത്തില്‍ ആകെ 15 ജീവനക്കാരാണുള്ളത്.

പാരമ്പര്യമായി കൈമാറി വന്നതും അത്യപൂര്‍വ്വവുമായ 12 ഇനം ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ നവംബറില്‍ ബംഗളൂരുവിലേക്ക് പോകുന്നതിന് മുന്‍പായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങളില്ലെന്ന് മനസിലായത്. അതിന് പത്തുദിവസം മുന്‍പുവരെ ആഭരണങ്ങള്‍ അവിടെയുണ്ടായിരുന്നുവെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. കൊട്ടാരത്തിലുള്ളവര്‍ തന്നെ ഉപയോഗിക്കാന്‍ എടുത്തതാവുമെന്ന് കരുതി കുടുംബാംഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ മാസങ്ങളില്‍ അന്വേഷണം നടത്തി. ഇല്ലെന്ന് മനസിലായതോടെയാണ് മോഷണമാണെന്ന സംശയത്തില്‍ പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം, കാണാതായ സ്വര്‍ണം സൂക്ഷിച്ചിരുന്നത് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്യുടെ കിടപ്പ് മുറിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പരാതിയില്ലാതെ അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. രണ്ടു മാസംമുന്‍മ്പ് ചില ഉദ്യോഗസ്ഥരോട് കുടുംബം വിവരം പറഞ്ഞിരുന്നു. പക്ഷേ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. കേസെടുത്തേ അന്വേഷണം മുന്നോട്ടു പോകൂവെന്ന് കമ്മീഷണര്‍ അറിയിച്ചതോടെയാണ് വഴിത്തിരിവായത്. മോഷണം നടന്ന അലമാരക്കുള്ളില്‍ വേറെയും വിലപിടിപ്പുള്ള ആഭരണങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് അറിയിച്ചു.