മനാമ: യുഎസ്- ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനം. തെക്കൻ ഇറാനിലെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ 5 പെൺകുട്ടികൾ കൊല്ലപ്പെട്ടതായാണ് വിവരം.
അമേരിക്കൻ-ഇസ്രയേൽ മിസൈൽ പതിച്ചത് സ്കൂളിലാണെന്നും അഞ്ച് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടെന്നും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിൽ 2 മരണം റിപ്പോർട്ട് ചെയ്തു.
അതേസമയം അബുദാബിയിലെയും ഖത്തറിലെ ദോഹയിലെയും യുഎസ് വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടോ എന്ന് വ്യക്തമല്ല. അബുദാബിയിലെ അൽ ദഫ്ര എയർബേസ് യു.എ.ഇയും അമേരിക്കയും സംയുക്തമായാണ് ഉപയോഗിക്കുന്നത്. ദോഹയിലെ അൽ ഉദൈദ് എയർബേസ് അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ആസ്ഥാനമാണ്. ദ്വീപ് രാഷ്ട്രമായ ബഹ്‌റൈനിൽ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു.
രാവിലെ നടന്ന ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസ് അടക്കം ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നു. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍റെ വസതിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. മുൻ ഇറാൻ പ്രസിഡന്റ് അഹ്മദി നജാദിനെയും ഇസ്രായേൽ ലക്ഷ്യമിട്ടു എന്നും വിവരമുണ്ട്.

