മുംബെ: ഓസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ട് മക്കളേയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖൃപ്രതി ദാരസിങ് ജയിൽ മോചിതനാവുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒഡിഷ സർക്കാർ ജയിൽമോചിതരാക്കുന്നവരിൽ ദാരാസിങ്ങിന്റെ പേരും പരിഗണിക്കുന്നുണ്ടെന്ന് ദേശീയ മാധൃമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഒഡീഷയിലെ കേന്ദുജർ ജില്ലാ ജയിലിൽ കഴിഞ്ഞ 26 വർഷത്തിലേറെയായി തടവുകാരനായ ഇയാളെ ‘നല്ല പെരുമാറ്റം’ പരിഗണിച്ചാണ് മോചിപ്പിക്കുന്നതെന്നാണ് അറിയുന്നത്.
1999 ജനുവരി 22-ന് ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലുള്ള മനോഹർപുർ ഗ്രാമത്തിൽവെച്ചാണ് ഓസ്ട്രേലിയൻ മിഷനറിയായ ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ മക്കളായ പത്തുവയസ്സുകാരൻ ഫിലിപ്പിനെയും ആറുവയസ്സുകാരൻ തിമോത്തിയെയും ജീവനോടെ ചുട്ടുകൊന്നത്. സ്റ്റേഷൻ വാഗണിൽ ഉറങ്ങുന്നതിനിടെ ഒരു തീവ്രഹിന്ദുത്വ വാദികൾ ആളുകൾ വാഹനം വളയുകയും തീയിടുകയുമായിരുന്നു.
ദാരാസിങ് എന്നറിയപ്പെടുന്ന രവീന്ദ്ര പാൽ ആണ് ഈ കേസിൽ ശിക്ഷിക്കപ്പെട്ട പ്രധാന പ്രതി. നിലവിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഇയാൾ. കേസിലെ മറ്റൊരു പ്രതിയായിരുന്ന മഹേന്ദ്ര ഹെംബ്രമിനെ 25 വർഷത്തെ ജയിൽവാസത്തിന് ശേഷം 2025 ഏപ്രിലിൽ മോചിപ്പിച്ചിരുന്നു.
കൊല്ലപ്പെടുന്ന ദിവസം മനോഹർപൂരിലെ ഒരു ജംഗിൾ ക്യാമ്പിൽ പങ്കെടുക്കാനാണ് ഗ്രഹാം സ്റ്റെയിൻ തന്റെ രണ്ട് ആൺ മക്കളോടൊപ്പം കാറിലെത്തിയത്. ഭാര്യ ഗ്ലാഡിസും മകൾ എസ്തറും സംഭവ സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നില്ല. യാത്രാക്ഷീണം കാരണം വാഹനം നിർത്തി മയങ്ങാൻ കിടന്ന സമയത്താണ് ബജ്റങ്ദൾ നേതാവ് ധാരാ സിങ്ങിന്റെ നേതൃത്വത്തിലെത്തിയ അക്രമികൾ കാറിന് തീവെച്ചത്. രക്ഷപ്പെടാൻ അനുവദിക്കാതെ അക്രമികൾ മുദ്രാവാകൃം വിളികളോടെ കാറിലിട്ട് മൂവരെയും പച്ചക്ക് കത്തിച്ച് കൊന്നു. പൊലിസ് മൃതദേഹം പുറത്തെടുക്കുമ്പോൾ അവർ പരസ്പരം ആലിംഗനം ചെയ്ത നിലയിലായിരുന്നു.
ഹാം സ്റ്റെയിന്റെ കൊലപാതകം രാജൃത്തിനകത്തും പുറത്തും സംഭവം വലിയ വാർത്തയായി. രാജ്യാന്തര തലത്തിൽ പ്രതിഷേധങ്ങൾ ഉയർന്നു. കേസ് അന്വേഷിച്ച പൊലിസ് സംഘം അക്രമത്തിന് പിന്നിൽ പ്രദേശത്തെ തീവ്രഹിന്ദുത്വ പ്രവർത്തകരാണെന്ന് കണ്ടെത്തി. ആകെ 51 പ്രതികളെയാണ് കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ഇതിൽ 37 പേരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി. 2003ൽ കേസിലെ മുഖ്യപ്രതിയായ രബീന്ദ്രപാൽ സിങ് എന്ന ധാരാ സിങ്ങിനെ വധശിക്ഷക്ക് വിധിച്ചു. മഹേന്ദ്ര ഹെംബ്രാം ഉൾപ്പെടെയുള്ള മറ്റ് 12 പ്രതികളെ ജീവപര്യന്തം തടവിനും സിബിഐ കോടതി വിധിച്ചു.
വധശിക്ഷ വിധിച്ചെങ്കിലും, പിന്നീട് ഒഡീഷ ഹൈക്കോടതിയും സുപ്രീം കോടതിയും ചേർന്ന് ഇത് ജീവപര്യന്തമാക്കി ചുരുക്കുകയായിരുന്നു.നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് ജയിലിൽ അവശേഷിക്കുന്ന ഒരേയൊരാളാണ് ദാരാ സിംഗ്.
ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് മേഖലകളിൽ മിഷണറി പ്രവർത്തനങ്ങൾക്കായാണ് ഗ്രഹാം സ്റ്റെയിൻ ഇന്ത്യയിലെത്തുന്നത്. അതും തന്റെ 24ാം വയസിൽ. മേഖലയിലെ ആദിവാസികൾക്കിടയിലും കുഷ്ഠ രോഗികൾക്കിടയിലും ആശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. എന്നാൽ ആദിവാസികളെ നിർബന്ധിച്ച് ക്രിസ്തു മതത്തിലേക്ക് മാറ്റാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഹിന്ദുത്വ വാദികൾ ഗ്രഹാം സ്റ്റെയിനെ ലക്ഷ്യംവെച്ച് പ്രദേശത്ത് വ്യാപക പ്രചരണം അഴിച്ചുവിട്ടു. ഇതാണ് പിന്നീട് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് വഴിതെളിയിച്ചത്.
ഗ്രഹാം സ്റ്റെയിന്റെ മരണത്തിന് ശേഷം ആസ്ട്രേലിയയിലേക്ക് മടങ്ങിയ അദ്ദേഹത്തിന്റെ ഭാരൃ ഗ്ലാഡിസ് പിന്നീട് ഇന്ത്യയിലേക്ക് തന്നെ തിരിച്ചുവന്നു. കുഷ്ഠരോഗ സേവാ കേന്ദ്രത്തിന്റെ നേതൃത്വം ഏറ്റെടുത്ത ഇവർ 2005ൽ ഗ്രഹാം സ്റ്റെയിൻസ് മെമ്മോറിയൽ ഹോസ്പിറ്റൽ സ്ഥാപിച്ചു.
ഭർത്താവിനെയും മക്കളെയും നഷ്ടപ്പെട്ടിട്ടും പ്രതികളോട് പരസ്യമായി ക്ഷമിച്ച ഗ്ലാഡിസിന്റെ നിലപാട് വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. ‘ എന്നെയും മകളെയും സംബന്ധിച്ച് ഞങ്ങൾ അവരോട് ക്ഷമിച്ചിരിക്കുന്നു. ഇപ്പോൾ നടക്കുന്ന വിചാരണയോട് വലിയ താൽപര്യമില്ല,’ എന്നായിരുന്നു ഗ്ലാഡിസിന്റെ വാക്കുകൾ.

