Spread the love

കണ്ണൂര്‍: പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണത്തില്‍ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. സംഭവത്തിൽ കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി നടപടികളുമായി മുന്നോട്ടുപോകണമെന്ന് അഞ്ചംഗ മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തു.

ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും കുട്ടിക്ക് ജനറൽ അനസ്തേഷ്യ നൽകേണ്ടിയിരുന്നില്ലെന്നുമാണ് മെഡിക്കൽ ബോർഡ് വിലയിരുത്തുന്നത്. ഇക്കാര്യങ്ങൾ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമാണ്.

രാവിലെ 10.15ന് ചികിത്സ തേടി എത്തിയ കുട്ടിക്ക് വൈകിട്ട് 4.15നാണ് അനസ്തീഷ്യ നൽകിയത്.ഇത്രയും സമയം വൈകിയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ആശുപത്രി അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കൂടാതെ വൈകുന്നേരമായപ്പോഴേക്കും കുട്ടിയുടെ മുറിവ് ഭേദപ്പെട്ടുവരികയായിരുന്നു എന്നും, ആ സമയത്ത് അനസ്‌തേഷ്യ നൽകുകയോ ശസ്ത്രക്രിയ നടത്തുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ബോർഡ് വിലയിരുത്തി.

അതേസമയം അനസ്തേഷ്യ നൽകിയ ആശുപത്രിയിൽ മതിയായ സൗകര്യം ഉണ്ടായിരുന്നോ എന്നാണ് സംശയം ഉയരുന്നത്. ഡോക്ടർമാർക്കെതിരെ അന്വേഷണം നടത്തി പൊലീസിന് നടപടി എടുക്കാമെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട്‌ മൂന്ന് ദിവസത്തിനകം പൊലീസിന് കൈമാറും.

കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാക്കുകയായിരിന്നു. തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു.