Spread the love

കോട്ടയം: 20 വർഷമായി അറ്റകുറ്റപണികളോ റീടാറിംഗോ നടത്താതെ താറുമാറായ് കിടക്കുന്ന കാഞ്ഞിരപ്പള്ളി മന്ധലത്തിലെ അരുവിക്കുഴി- നെടുമാവ് പുനരുദ്ധരിക്കാൻ നടപടി സ്വീകരിക്കുന്നതിൽ ഉദാസീനത കാണിക്കുന്ന എംഎൽഎ ജയരാജിനെതിരെ ബിജെപി രംഗത്ത്. ബിജെപി മേഖലാ പ്രസിഡണ്ട് എൻ ഹരി ജയരാജിനെ കടന്നാക്രമിച്ചത്.
എൻ ഹരിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം;

 

“കാഞ്ഞിരപ്പള്ളി എംഎൽഎ എൻ ജയരാജ് ഇനിയും ജനങ്ങളെ വിഡ്ഢികളാക്കരുത്.”

‘നെടുമാവ് – അരുവിക്കുഴി റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾക്കായി PMGSY പദ്ധതി പ്രകാരം 3,80,84,871/- രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളതാണ്. 41873202/- രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം റിവൈസ് ചെയ്ത ഭരണാനുമതി നൽകുന്നതിനായി, അധികമായി ആവശ്യമായ 37,88,331/- രൂപ സംസ്ഥാന സർക്കാർ കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 20/03/2025 ൽ KSRRDA ചീഫ് എൻജിനീയർ കത്ത് നൽകിയിട്ടുള്ളതാണ്. ഏകദേശം ഒരു വർഷത്തോളമായിട്ടും ഈ കത്തിന്മേൽ യാതൊരുവിധ നടപടിയും എടുക്കുവാൻ കാഞ്ഞിരപ്പള്ളി എംഎൽഎയോ സംസ്ഥാന സർക്കാരോ നാളിതുവരെ തയാറായിട്ടില്ല.

എന്നാൽ, 24/12/2025ന് പ്രസ്തുത റോഡ് PWD ക്ക് കൈമാറ്റം ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എംഎൽഎ കത്ത് നൽകിയതിന് പിന്നിലെ ചേതോവികാരം എന്താണ് എന്ന് മനസ്സിലാവുന്നില്ല. സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടതായ വിഹിതം നൽകാതെ, ഇലക്ഷൻ മുന്നിൽക്കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനായാണ് റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കണം എന്ന വിചിത്ര ആവശ്യവുമായി എംഎൽഎ രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം കഴിവുകേട് മറച്ചുവെക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ തലയിൽ പഴിചാരി രക്ഷപെടാൻ നോക്കുന്ന ജയരാജിന്‌ ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നില്ല. ഈ ആധുനിക കാലഘട്ടത്തിൽ കള്ളം പറഞ്ഞും അസത്യങ്ങൾ പ്രചരിപ്പിച്ചും ജനങ്ങളെ അധികകാലം പറ്റിക്കാൻ സാധിക്കില്ല എന്ന് താങ്കൾ മനസിലാക്കുക.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നല്ലപിള്ള ചമയാൻ ശ്രമിച്ച എംഎൽഎ , ജനങ്ങളോട് മാപ്പ് പറഞ്ഞ് സംസ്ഥാന സർക്കാരിൽ നിന്നും തുക അനുവദിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക’.
450 ഇടവക അംഗങ്ങ ളുള്ള നെടുമാവ് വലിയപള്ളി, മാനസിക ദാർബലൃം നേരിടുന്നവരെ പരിചരിക്കുന്ന എൽഎസ്ഡിപി കോൺവെന്റ്, ആനിക്കാട്( മുക്കാലി) ഹയർസെക്കന്ററി സ്ക്കൂൾ, നെടുമാവ് ക്ഷീരസഹകരണ സംഘം, സിഎം എസ്, കൊമ്പാറ എൽപി സ്ക്കൂൾ , വിവിധ ആരാധനാലയങ്ങൾ. ടൂറിസം മേഖലയായ അരുവിക്കുഴി വെള്ളച്ചാട്ടം എന്നീ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം തകർന്ന് കിടക്കുന്നത്. റോഡ് സഞ്ചാര യോഗൃമാക്കണമെന്ന് ആവശൃപ്പെട്ട് കഴിഞ്ഞ ദിവസം നെടുമാവിൽ ഓട്ടോ റിക്ഷാ ഡ്രൈവേഴ്സ് സംഘടനകളും വൃാപാരികളും പൊതുജനങ്ങളും ചേർന്ന് ജനകീയ സമിതി രൂപികരിച്ച് പ്രതിഷേധ യോഗം ചേർന്നു.