ബജറ്റ് ദിനത്തിൽ കാഞ്ചീപുരം സിൽക്ക് സാരി ഉടുത്താണ് നിർമ്മല സീതാരാമൻ പാർലമെൻറിൽ എത്തിയത്. തമിഴ്‌നാടിന്റെ പഴയ നെയ്ത്ത് പാരമ്പര്യത്തെ ആദരിക്കുന്നതാണ് ഇത്. പർപ്പിൾ കളർ കാഞ്ചീപുരം സാരിയാണ് ധനമന്ത്രി ധരിച്ചത്.
സ്വർണ നിറത്തിലുള്ള ചെക്കുകളും കോഫി ബ്രൗൺ കസവുമുള്ള സാരിയാണ് (കട്ടം – കളളി ) ഇത്. ജന്മനാടായ തമിഴ്നാടിനോടുള്ള സ്‌നേഹവും നിർമ്മല ഇതിലൂടെ കാണിക്കുന്നുണ്ട്. ഇതിന് മുൻപ് ധനമന്ത്രി നിർമലാ സീതാരാമൻ എട്ട് ബഡ്ജറ്റും വിവിധ ഇന്ത്യൻ കെെത്തറി സാരികളുടുത്താണ് അവതരിപ്പിച്ചത്.
2025ൽ മത്സ്യ തീം എംബ്രോയിഡറിയും ഗോൾഡൻ ബോർഡറും ഉളള ഓഫ് വൈറ്റ് ഹാൻഡ്ലൂം സിൽക്ക് സാരി ധരിച്ചാണ് ബഡ്ജറ്റ് അവതരിപ്പിക്കാനായി മന്ത്രി എത്തിയത്. മധുബനി കലയ്ക്കുളള ആദരസൂചകമായാണ് നിർമ്മല സീതാരാമൻ സാരി തിരഞ്ഞെടുത്തത്. പത്മശ്രീ പുരസ്‌കാര ജേതാവും ചിത്രകാരിയുമായ ദുലരി ദേവിയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.
ബീഹാറിലെ മിഥിലയിൽ നിലനിൽക്കുന്ന ഒരു പരമ്പരാഗത നാടൻ ചിത്രകലയാണ് മധുബനി. നിറങ്ങൾ കൊണ്ടും പ്രതീകാത്മകത രൂപങ്ങൾ കൊണ്ടും അറിയപ്പെടുന്ന കലയാണിത്. പ്രമുഖ ചിത്രകാരിയായ കർപ്പൂര ദേവിയിൽ നിന്നാണ് ദുലരി ദേവി ഈ കലാരീതി തിരഞ്ഞെടുത്തത്. ദുലരിയുടെ ജീവിതം സങ്കീർണതകൾ നിറഞ്ഞതായിരുന്നു. തന്റെ ചിത്രങ്ങളിലൂടെ സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ ശക്തമായ ആശയം പകരാൻ അവർക്ക് സാധിച്ചു. ബാല്യവിവാഹം, എയ്ഡ്സ്, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കിയാണ് ദുലരി ദേവി ചിത്രങ്ങൾ വരച്ചിട്ടുളളത്. തന്റെ 10,000ൽ അധികം ചിത്രങ്ങൾ 50ൽ അധികം എക്സിബിഷനുകളിൽ അവതരിപ്പിച്ചിട്ടുണ്ട്.
2024ൽ ബഡ്ജറ്റ് അവതരിപ്പിക്കാൻ നിർമല സീതാരാമൻ ആന്ധ്രാപ്രദേശിൽ തയ്യാറാക്കിയ മംഗൽഗിരി സാരി ധരിച്ചാണ് എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ധനമന്ത്രി ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ ധരിച്ച നീല സാരിയും ശ്രദ്ധേയമായിരുന്നു. അതിൽ പശ്ചിമബംഗാളിലെ പ്രശസ്തമായ കാന്ത സ്റ്റിച്ചും (പശ്ചിമബംഗാളിൽ സജീവമായി കാണുന്ന ഒരു എംബ്രോയിഡറി വർക്ക്) ചേർന്നിട്ടുണ്ട്. ഇത് ഇന്ത്യയുടെ മത്സ്യബന്ധന മേഖലയുടെ സമ്പദ്‌വ്യവസ്ഥയും ഉയർത്താൻ ലക്ഷ്യമിട്ടുളള സർക്കാരിന്റെ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുളള ശ്രമത്തിന്റെ സൂചനയാണ്.

