Spread the love

ദില്ലി: മൂന്നാം മോദി സർക്കാറിൻറെ മൂന്നാം ബജറ്റ് അവതരണം ധനമന്ത്രി നിർമല സീതാരാമൻ പൂർത്തിയാക്കി. ഒരു മണിക്കൂർ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ കേരളത്തെ അവഗണിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന വിലയിരുത്തലാണ് പൊതുവെ ഉയരുന്നത്. കേരളത്തിന് അതിവേഗ റെയിൽ പാതയും എയിംസ് അടക്കവും ഇല്ലാതെ ആയിരുന്നു ബജറ്റ് പ്രഖ്യാപനം.

അപൂർവ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുർവേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിർത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ല.

അതേസമയം കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിത്തുള്ള ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചത്. കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. വിഴിഞ്ഞം — ചവറ റെയർ എർത്ത് കോറിഡോർ പദ്ധതി കഴിഞ്ഞ ദിവസം കെഎൻ ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചതാണ്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷൻ്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാൽപതിനായിരം കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്. കേരളത്തിൻ്റെ ധാതു സമ്പുഷ്ടി പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ​ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫക്ചറിം​ഗ് ഹബ് ആക്കാൻ പതിനായിരം കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്നർ നിർമ്മാണത്തിനായി അയ്യായിരം കോടി രൂപയും നീക്കിവെച്ചു.

ഏഴ് അതിവേഗ റെയില്‍പാതയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്തെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മുംബൈ-പൂനെ, ഹൈദരാബാദ്-പൂനെ, ഹൈദരാബാദ്-ബെംഗളൂരു, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരണാസി, വാരണാസി-സില്ലിഗുരി എന്നിവിടങ്ങളിലായിരിക്കും അതിവേഗ റെയില്‍.

ബെംഗളൂരുവിനെ സംബന്ധിച്ച് രണ്ട് അതിവേഗ റെയിലുകളാണ് ലംഭിക്കുന്നത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് നഗരത്തിലേക്ക് പോകുന്നവര്‍ക്ക് യാത്ര കൂടുതല്‍ എളുപ്പമാകും.