ലക്നൗ : ഉത്തർപ്രദേശിൽ മന്ത്രവാദത്തിനിടെ ശുചിമുറിയിലെ വെള്ളം കുടിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം
അനുരാധ എന്ന 35കാരിയാണ് സ്വയം പ്രഖ്യാപിത് താന്ത്രിക ആചാരിയുടെ നിർദ്ദേശം അനുസരിച്ച് ശുചിമുറിയിലെ വെള്ളമടക്കം കുടിക്കേണ്ടി വന്നത്. സംഭവത്തിൽ ചന്തു എന്ന താന്ത്രിക വിദഗ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. 2014ൽ വിവാഹിതയായ അനുരാധ മക്കളില്ലാത്തതിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ വലിയ രീതിയിലുള്ള അപമാനം നേരിട്ടിരുന്നു.
ഏത് വിധേനയും കുട്ടികളുണ്ടാവുകയെന്ന ലക്ഷ്യത്തോടെ ആണ് അനുരാധ സ്വന്തം വീട്ടിലേക്ക് ഒരു മാസം മുൻപ് തിരിച്ചെത്തിയത്. ചന്തുവിന്റെ ചികിത്സാ രീതികൾ യുവതി സ്വീകരിച്ചത് അമ്മയുടേയും അമ്മായി അമ്മയുടേയും നിർദ്ദേശം അനുസരിച്ചാണ് . ഹരിജൻ ബസ്തി സ്വദേശിയായ പൂജാരിയായിരുന്നു ഇയാൾ. അനുരാധയുടെ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയാണ് കുടുംബം ഇയാൾക്ക് വാഗ്ദാനം നൽകിയത്. ഇതിൽ 22000 രൂപ മുൻകൂറായി ഇയാൾ വാങ്ങുകയും ചെയ്തിരുന്നു. ജൂലൈ 6ന് അനുരാധയെ ചന്തുവും സഹായികളും ക്രൂരമായി മർദ്ദിച്ചതായി അമ്മ പൊലീസിൽ പരാതി നൽകിയത്. കൂടാതെ കക്കൂസിൽ നിന്ന് ശേഖരിച്ച ജലം കുടിക്കാൻ വിസമ്മതിച്ചതിനായിരുന്നു മർദ്ദനം. 35കാരി ഗർഭിണി ആകാത്തതിന് കാരണം യുവതിയുടെ ശരീരത്തിൽ കയറിക്കൂടിയ ദുഷ്ടാത്മാവാണ് എന്നായിരുന്നു അനുരാധയുടെ ബന്ധുക്കളെ ഇയാൾ ധരിപ്പിച്ചത്.
കഴുത്തും തലയും വായയും പിടിച്ച് പിന്നിലേക്ക് തളളി, ശുചിമുറിവെള്ളവും അഴുക്കുചാലിലെ വെള്ളവും കുടിപ്പിക്കുന്നതായിരുന്നു പൂജാരിയുടേയും സഹായികളുടേയും ചികിത്സാ. മണിക്കൂറുകളോളം ക്രൂരത തുടര്‍ന്നതോടെ അനുരാധയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.

