മോശം നിലപാട് എടുക്കുന്നവര്‍ക്ക് എതിരെ ചില പ്രയോഗം വേണ്ടിവരും. മുഖ്യമന്ത്രിക്കും തോമസ് ഐസക്കിന്റെ പരാമര്‍ശങ്ങളെ പിന്തുണച്ച് ടി.പി രാമകൃഷ്ണന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെയും തോമസ് ഐസക്കിന്റെയും വിവാദപരാമര്‍ശങ്ങളെ അനുകൂലിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. മോശമായി നിലപാടെടുക്കുന്നവരോട് ചില പ്രയോഗങ്ങള്‍ നടത്തേണ്ടി വരുമെന്നാണ് ടി പി രാമകൃഷ്ണന്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ‘ചെറ്റത്തരം’ പരാമര്‍ശവും തോമസ് ഐസക്കിന്റെ ‘കോമാളി’ പരാമര്‍ശവും വലിയ വിവാദമായിരുന്നു. എന്നാല്‍ ഇത്തരം പ്രയോഗങ്ങള്‍ ചില സാഹചര്യങ്ങളില്‍ നടത്തേണ്ടിവരുമെന്നാണ് ടി പി രാമകൃഷ്ണന്റെ പക്ഷം.
പാര്‍ട്ടിയില്‍ നിന്ന് വിട്ടിറങ്ങി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജി സുധാകരനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയിലാണ് ‘ചെറ്റത്തരം’ എന്ന പ്രയോഗം മുഖ്യമന്ത്രി നടത്തിയത്. ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സുധാകരനെക്കുറിച്ച് പറയാന്‍ മറ്റ് വാക്കുകളില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചരുന്നു. എന്നാല്‍ ചെറ്റയെന്ന വിളിയില്‍ അഭിമാനം കൊള്ളുന്നതായാണ് ജി സുധാകരന്‍ പ്രതികരിച്ചത്. ചെറ്റ എന്നത് അടിസ്ഥാനവര്‍ഗത്തിന്റെ പുരയാണെന്നും 18 വയസുവരെ താന്‍ ജീവിച്ചത് അവിടെയാണെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രമേശ് പിഷാരടിക്ക് എതിരെയാണ് തോമസ് ഐസക്ക് കോമാളി പ്രയോഗം നടത്തിയത്. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് എന്ത് കാര്യമെന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമര്‍ശം. എന്നാല്‍, പിന്നീട് തോമസ് ഐസക്ക് ഇതില്‍ ഖേദപ്രകടനം നടത്തിയിരുന്നു. രമേശ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമര്‍ശനം ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാലസ്തീന്‍ വിഷയത്തിലെ പിഷാരടിയുടെ അന്താരാഷ്ട്ര നിലപാടിനെയാണ് വിമര്‍ശിച്ചതെന്നും കോമാളി പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും തോമസ് ഐസക്ക് പറഞ്ഞു.പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് രാമകൃഷ്ണന്‍

