Spread the love

കോട്ടയം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി ചുമതലയേറ്റ പാലാ നഗരസഭ അധ്യക്ഷ ദിയ ബിനു ബിഷപ്പ് ഹൗസിലെത്തി. പുളിക്കകണ്ടം കുടുംബാംഗവും പിതാവുമായ ബിനു, പിതാവിന്റെ സഹോദരന്‍ ബിജു എന്നിവര്‍ക്കൊപ്പമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചത്. പാലാ രൂപതയുടെ ചിത്രം പങ്കിട്ട് ബിജു പുളിക്കകണ്ടം ഇതുസംബന്ധിച്ച് ഫേസ് ബുക്കിലിട്ട കുറിപ്പ് ചുവടെ..

“പിതാവ് ദിയാ മോള്‍ക്ക് നന്മകള്‍ നേര്‍ന്നു… സ്‌നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞു…
ഞങ്ങള്‍ മൂവര്‍ക്കും പ്രാര്‍ത്ഥനാനുഗ്രഹങ്ങള്‍ നല്‍കി , ഉപഹാരങ്ങളും സമ്മാനിച്ചാണ് യാത്രയാക്കിയത് ...

പാലായുടെ പ്രഥമ ബിഷപ്പ് , സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനിയും ഞങ്ങളുടെ മുത്തച്ഛന്‍ വേലായുധന്‍ നായരും പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ കളിക്കൂട്ടുകാര്‍ ആയിരുന്നു… അടുത്തടുത്ത കരകളായ പാലാ പാറപ്പള്ളിയിലെ വയലില്‍ കുടുംബവും മുരിക്കുംപുഴയിലെ പുളിക്കകണ്ടം കുടുംബവുമായി ഇപ്പോഴും അടുത്ത കുടുംബസൗഹൃദമുണ്ട്. മരിക്കുവോളം ഇരുവരും തമ്മില്‍ ഗാഢമായ ആത്മബന്ധവുമുണ്ടായിരുന്നു. അരമനയിലെ നിത്യ സന്ദര്‍ശകനുമായിരുന്നു…
ഇപ്പോള്‍ ദിയ ബിനുവിന് പാലാ അരമനയും സഭയുമായുള്ളത് നാലാം തലമുറയിലും അഭംഗുരം തുടരുന്ന സ്‌നേഹബഹുമാനമാണ്..