ശബരിമല : സ്വർണ്ണക്കൊള്ള വിവാദ പശ്ചാത്തലത്തിൽ ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമെന്ന്മാധ്യമ ഗ്രൂപ്പുകളിൽ ചർച്ച. തിങ്കളാഴ്ച ആരംഭിച്ച മണ്ഡലം മകരവിളക്കു സീസണിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ദേവസ്വം കമ്മീഷണർ ഇത് സംബന്ധിച്ച് മാധ്യമങ്ങൾക്ക് സൂചന നൽകിയതെന്നാണ് റിപ്പോർട്ടുകൾ. മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പുകളിലാണ് ഇത് സംബന്ധിച്ച് അഭിപ്രായവും ചർച്ചയും നടക്കുന്നത്.
കോടതി ഉത്തരവിന്റെ മറവിലാണ് ഇത്തരമൊരു നിയന്ത്രണം എന്നാണ് ഒരു വിഭാഗം മാധ്യമപ്രവർത്തകർ പറയുന്നത്. എന്നാൽ അതല്ല 2013ൽ വന്ന ഒരു ഉത്തരവ് ഇപ്പോൾ നടപ്പാക്കുകയായിരുന്നു എന്നാണ് മറ്റൊരു വിഭാഗം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.
ശബരിമലയിൽ ദൃശ്യമാധ്യമപ്രവർത്തകർക്കാണ് പുതിയ നിയന്ത്രണം ഗുരുതരമായി ബാധിക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ശ്രീകോവിലെ മുമ്പിലുള്ള ദൃശ്യങ്ങൾ എടുക്കുന്നതിന് നിലവിലുണ്ടായിരുന്ന സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതാണ് പുതിയ നീക്കം എന്ന് മാധ്യമപ്രവർത്തകർ പറയുന്നു. എപ്പോഴും ഇനി വീഡിയോ ചിത്രീകരണം നടക്കില്ല. അതിനായി മാനദണ്ഡങ്ങളും മാർഗനിർദ്ദേശങ്ങളും ദേവസ്വം കമ്മീഷണർ പുറപ്പെടുവിക്കും എന്നാണ് സൂചനകൾ.
ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകർ പ്രതികരിക്കണമെന്നും പ്രതിഷേധിക്കണമെന്നുള്ള അഭിപ്രായങ്ങളും ഗ്രൂപ്പുകളിൽ ഉണ്ട്.
ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ശ്രീകോവിലിനു മുന്നിലെ ദൃശ്യങ്ങൾ ചിത്രീകരിക്കാം എന്നാണ് കമ്മീഷണർ പറഞ്ഞതെന്നും പിന്നീട് ചർച്ച നടത്തിയപ്പോൾ അത് നാല് ദിവസം എന്നാക്കി ഉയർത്തിയന്നുമാണ് ഒരു വാദം.
ഏതായാലും ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ ദൃശ്യമാധ്യമങ്ങൾ പല പഴയ പല ദൃശ്യങ്ങളും സംപ്രേഷണം ചെയ്തിരുന്നു.ഇത് ദേവസ്വം ബോർഡിൻ്റെ പ്രതിച്ഛായയെ തന്നെ ബാധിച്ചിരിക്കുകയാണ്.കൂടാതെ ഇതുവരെഅറസ്റ്റിലായ പലരെയും തെളിവെടുപ്പിനായി വരും ദിവസങ്ങളിൽ ശബരിമലയിൽ കൊണ്ടുവരുകയും ചെയ്യും. ഇതെല്ലാം മുന്നിൽകണ്ടാണ് ബോർഡ് നീക്കം എന്ന് പറയുന്നു.

