Spread the love

 

ഗുരുവായൂര്‍: ഗുരൂവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിലും വിവാദം. പ്രമുഖ സംഗീതജ്ഞന്‍ ചേര്‍ത്തല രംഗനാഥ ശര്‍മയെ സംഗീതാതോത്സവത്തില്‍ നിന്നും ദേവസ്വം ബോര്‍ഡ് ഒഴിവാക്കിയതു മുതല്‍ സംഗീതലോകത്ത് ഉയര്‍ന്ന അപസ്വരമാണ് ഇപ്പോള്‍ പരസ്യമായ അസംതൃപ്തിയിലേക്ക് നീങ്ങിയത്. സംഗീതോത്സവത്തില്‍ നിന്ന് ഭരണസമിതിയുടെ പ്രീതി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവാക്കിയതായി ആരോപണം ഉയര്‍ന്ന രംഗനാഥ ശര്‍മയ്ക്ക് പകരക്കാരനായി ദേവസ്വം കണ്ടെത്തിയ കെ.എസ് വിഷ്ണുദേവ് ഒഴിവായതാണ് ചര്‍ച്ചയായത്.
29ന് രാത്രി 7.35ന് ആകാശവാണി റിലേ കച്ചേരിയിലാണ് വിഷ്ണുദേവിനെ ഉള്‍പ്പെടുത്തിയിരുന്നത്.താന്‍ കച്ചേരിയില്‍ പങ്കെടുക്കില്ലെന്ന് വിഷ്ണുദേവ് ഫേസ് ബൂക്കിലൂടെയാണ് അറിയിച്ചത്.

മുതിര്‍ന്ന സംഗീതജ്ഞനായ രംഗനാഥ ശര്‍മയെ ഒഴിവാക്കിയാണ് തന്നെ പകരക്കാരനാക്കിയതെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇത് ശരിയായ രീതിയല്ലെന്നു മനസ്സിലാക്കി പിന്‍വാങ്ങുകയാണെന്നും ആസ്വാദകരോട് മാപ്പു ചോദിച്ചു കൊണ്ട് അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടു.

ഈ വര്‍ഷത്തെ ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാര നിര്‍ണയ സമിതി അംഗമായിരുന്ന രംഗനാഥശര്‍മ ദേവസ്വം നിര്‍ദേശം പാലിക്കാത്തതിന്റെ പേരില്‍ നിശ്ചയിച്ചിരുന്ന കച്ചേരിയില്‍ നിന്നും പഞ്ചരത്‌ന കീര്‍ത്തനാലാപനത്തില്‍ നിന്നും വിലക്കിയിരുന്നു. ഇതിനെതിരെ സംഗീത ലോകത്ത് പ്രതിഷേധം കത്തിനില്‍ക്കുകയാണ്.സംഗീതോത്സവം തുടങ്ങിയ കാലം മുതല്‍ നേതൃത്വം നല്‍കിയിരുന്ന വയലിനിസ്റ്റ് നെടുമങ്ങാട് ശിവാനന്ദന് അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തതിനെ തുടര്‍ന്ന് ഒട്ടേറെ കലാകാരന്മാര്‍ ഇക്കുറി സംഗീതോത്സവത്തില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്.