ലൈംഗിക പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
ഇനി ഒരു യുഡിഎഫ്, കോണ്‍ഗ്രസ് പരിപാടിയിലും രാഹുലിനെ കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ട്. രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ട. ഉദിച്ച് ഉയരേണ്ട താരങ്ങള്‍ ഉദിച്ചു ഉയരുക തന്നെ ചെയ്യും, അല്ലാത്തവ അസ്തമിക്കും- കെ മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിലവിലുള്ള എംഎല്‍എമാര്‍ ആരും ഒളിവില്‍ അല്ല. മാറ്റി നിര്ത്തിയവരാരെങ്കിലും ഒളിവില്‍ പോയിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കേണ്ടത് പോലീസ് ആണ്. സസ്പെന്‍ഷനിലുള്ള ആള് പരിപാടികളില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തം ഇല്ല. അത് വ്യക്തിപരമാണ്. സസ്പെന്ഷന് പുറത്താക്കലിന് തുല്യമാണ്. അതെന്നും പറഞ്ഞിരിക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസ് ആ അധ്യായം അടച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. സെമിഫൈനല്‍ വിജയം ഫൈനലിന് ശക്തികൂട്ടും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 55 വാര്‍ഡുകള്‍ പിടിച്ച് അധികാരത്തില്‍ വരും. കവടിയാറും ശാസ്തമംഗലവും പേട്ടയുമുള്പ്പെടെ കോണ്‍ഗ്രസ് ജയിക്കും. വിമതര്‍ക്കെതിരെ എല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്. പുകഞ്ഞ കൊള്ളി പുറത്താണ്- കെ. മുരളീധരന് കൂട്ടിച്ചേര്‍ത്തു.

