കോട്ടയത്തു വീണ്ടും തിരുവഞ്ചൂര്‍ എല്‍ഡിഎഫ് വാഗ്വാദം. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമുച്ചയ നിര്‍മാണം, കോടിമത ബൈപാസ് രണ്ടാം പാലം, ആകാശ പാത ഈ വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇടതു നേതൃത്വം പ്രത്യേകിച്ച് സിപിഎമ്മുമായി കൊമ്പുകോര്‍ത്തിരുന്നു. തന്റെ വികസന പദ്ധതികളെ അട്ടിമറിക്കുകയും തടസപ്പെടുത്തുകയും ചെയ്യുന്നതായി തിരുവഞ്ചൂര്‍ ആരോപിച്ചു. ഇപ്പോള്‍ ജനറല്‍ ആശുപത്രിയിലെ ബഹുനില കെട്ടിട നിര്‍മാണത്തിനുള്ള മണ്ണുമാറ്റലാണ് പുതിയ വിവാദം. മണ്ണുനീക്കം തടസപ്പെടുത്തിയെന്ന ആരോപണം എറ്റുമാനൂര്‍ എംഎല്‍എയും മന്ത്രിയുമായ വി.എന്‍ വാസവനെതിരായ ഒളിയമ്പാണെന്നാണ് തിരുവഞ്ചൂരിന്റെ പ്രത്യാരോപണം
ആശുപത്രി വികസനം മണ്ണുനീക്കത്തിന്റെ പേരില്‍ താന്‍ തടസ്സപ്പെടുത്തിയെന്ന എല്‍ഡിഎഫ് പ്രചാരണം അടിസ്ഥാനരഹിതമാണ്.
കെട്ടിട നിര്‍മാണത്തിനായി നീക്കിയ 13,000 ക്യുബിക് മീറ്റര്‍ മണ്ണില്‍ കോട്ടയം മണ്ഡലത്തിനായി അനുവദിച്ച 5,000 ക്യുബിക് മീറ്റര്‍ പൂര്‍ണമായും വിനിയോഗിച്ചു. എന്നാല്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിനായി അനുവദിച്ച 8,000 ക്യുബിക് മീറ്റര്‍ മണ്ണു വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല. മണ്ഡലത്തിന്റെ പ്രതിനിധിയായ മന്ത്രി വി.എന്‍.വാസവനെ ലക്ഷ്യമാക്കിയുള്ള കെ.അനില്‍കുമാറിന്റെ ഒളിയമ്പാണു തനിക്കു നേരെയുള്ള ആരോപണവും സമരവുമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ ആശുപത്രി വികസനത്തിനായി ആദ്യം ചെയ്യേണ്ടത് പഴയ കെട്ടിടം പൊളിച്ചുനീക്കുകയാണ്. അതു ചെയ്യേണ്ടത് എംഎല്‍എ അല്ലെന്നും സര്‍ക്കാരാണ്.
കെട്ടിടനിര്‍മാണ ചുമതല ടെന്‍ഡര്‍ പോലുമില്ലാതെയാണ് ഇന്റല്‍ എന്ന സര്‍ക്കാര്‍ ഏജന്‍സിക്ക് നല്‍കിയത്. ഈ കരാര്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എടുഇസഡ് എന്ന സ്വകാര്യ സ്ഥാപനത്തിനു പിന്നീട് നല്കി.ഇവിടെനിന്നു നീക്കുന്ന മണ്ണ് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന ആവശ്യം അന്നത്തെ കലക്ടര്‍ വി.വിഘ്നേശ്വരി അധ്യക്ഷയായ യോഗത്തില്‍ മന്ത്രി വാസവന് ഉള്‍പ്പെടെയുള്ളവര്‍ അംഗീകരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മണ്ണ് കോടിമത – മുപ്പായിക്കാട് റോഡ്, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പാര്‍ക്കിങ് ഗ്രൗണ്ട്, മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി എന്നിവയ്ക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ കുട്ടികളുടെ ആശുപത്രിയില്‍ മണ്ണു നിക്ഷേപിക്കാന്‍ കഴിയാതെ വന്നതോടെ 4,000 ക്യുബിക് മീറ്റര്‍ മണ്ണ് അയ്മനത്തു നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപവും പരിപ്പിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും കൂട്ടിയിട്ടിരിക്കുകയാണ്.ജില്ലാ ജനറല്‍ ആശുപത്രിയുടെ കെട്ടിട നിര്‍മാണം വൈകുന്നതിനു കാരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയാണെന്നു ആരോപിച്ച് എല്‍ഡിഎഫ് സമരം നടത്തിയ പശ്ചാത്തലത്തിലായിരുന്നു എംഎല്‍എയുടെ വിശദീകരണം.

