Spread the love

കോട്ടയം : രണ്ടാഴ്ച്ച ജീവനായി പോരുതി. അരുണ്‍ മടങ്ങുന്നു. ആറുപേരില്‍ ജീവന്റെ തുടിപ്പായി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരുന്നു കോട്ടയം തിരുവഞ്ചൂര്‍ പുത്തേട്ടില്‍ രോഹിണി വീട്ടില്‍ ജനാര്‍ദനന്‍ നായരുടെ മകന്‍ അരുണ്‍. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെയാണ് അരുണിന്റെ അവയവങ്ങള്‍ ആറുപേര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ജൂണ്‍ 26 നാണ് മസ്തിഷ്‌കാഘതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ താമസസ്ഥലത്ത് അരുണ്‍ കുഴഞ്ഞു വീഴുന്നത്. തിരുവനന്തപുരം വഴുതക്കാട് ബ്രാഞ്ച് യെസ് ബാങ്ക് മാനേജരായിരുന്നു. ഫോണില്‍ വിളിച്ചിട്ട് ലഭ്യമാകാതിരുന്നതോടെ ഭാര്യ ദേവി ബാങ്ക് അധികൃതരെ വിവരമറിയിച്ച് ഇവര്‍ എത്തിയപ്പോഴാണ് ബോധമറ്റ നിലയില്‍ അരുണിനെ കണ്ടെത്തുന്നത്.

ഉടന്‍തന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും 14 ദിവസത്തെ ജീവനുവേണ്ടിയുള്ള പോരാട്ടത്തിന് ഫലമുണ്ടായില്ല. ചൊവ്വാഴ്ച്ച രാത്രി 9.29 ന് ബ്രെയിന്‍ ഡെത്ത് സ്ഥിരീകരിച്ചതോടെ കുടുംബത്തിന്റെ പ്രതീക്ഷയും നഷ്ടപ്പെട്ടു.എന്നാല്‍ അവയവദാനത്തിന് അരുണ്‍ മുമ്പ് സമ്മതപത്രം നല്‍കിയത് അറിയാവുന്ന ഉറ്റ ബന്ധുക്കള്‍ സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനിയിലേക്ക്അരുണിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ദാനം ചെയ്തു.രാത്രി ആരംഭിച്ച അവയവദാന ശാസ്ത്രക്രിയ പുലര്‍ച്ചെ വരെ നീണ്ടു. തുടര്‍ന്ന് അരുണിന് ആശുപത്രി അധികൃതര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.

അരുണിന്റെ മൃതദേഹം വ്യാഴം രാവിലെ 10 മണിക്ക് വീട്ടില്‍ കൊണ്ടുവരും. മൂന്നു മണിക്ക് സംസ്‌കാരംതിരുവഞ്ചൂര്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ജനാര്‍ദനന്‍ നായരുടെ മകനാണ്.മാതാവ്: രാധ (റിട്ട.അധ്യാപിക)ഭാര്യ: എസ്. ദേവി പ്രസാദ് മക്കള്‍: ആദിത്യ നായര്‍, നിതാര നായര്‍.