തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്നലെ വൈകിട്ട് തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇന്ന് വൈകുന്നേരം റാന്നികോടതിയില്‍ ഹാജരാക്കും. ദ്വാരപാലക ശില്പങ്ങളിലേത് ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിയും മഹസറില്‍ ക്രമക്കേട് കാട്ടിയും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കവരാന്‍ അവസരമൊരുക്കിയതില്‍ സുധീഷ് കുമാറിനും പങ്കുണ്ടെന്നാണ് നിഗമനം. എസ്പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ സികെ വാസുദേവനെ ചോദ്യം ചെയ്ത് വിട്ടയച്ചു.
2019ല്‍ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുമ്പോള്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു സുധീഷ് കുമാര്‍. ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിയാണ് സുധീഷ് കുമാര്‍ പോറ്റിയെ സ്‌പോണ്‍സര്‍ ആക്കാമെന്ന ശുപാര്‍ശ ബോര്‍ഡിന് നല്‍കിയത്. സ്വര്‍ണം പൊതിഞ്ഞതാണ് എന്ന് അറിഞ്ഞിട്ടും പാളികള്‍ ഇളക്കിയ സമയത്തും ചെമ്പ് എന്ന് രേഖപ്പെടുത്തി. ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന്‍ പോറ്റി അല്ലാതിരുന്നിട്ടും മഹസറില്‍ പോറ്റിയുടെ പേര് എഴുതിയതും സുധീഷ് കുമാറായിരുന്നു.

