വാഷിങ്ടൻ : ഡെൻവർ വിമാനത്താവളത്തിൽ ലാൻഡിങ് ഗിയറിനുണ്ടായ തകരാറിനെ തുടർന്ന് തീയും പുകയും ഉയർന്നതോടെ അമേരിക്കൻ എയർലൈൻസ് വിമാനം ടേക്ക് ഓഫ് റദ്ദാക്കി. വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഒരാൾക്ക് നിസ്സാര പരുക്കേറ്റു.
ബോയിങ് 737 മാക്സ് 8 വിമാനത്തിന്റെ ഡെൻവർ വിമാനത്താവളത്തിൽ നിന്നും മിയാമിയിലേക്കുള്ള ആഭ്യന്തര സർവീസിനിടെയാണ് സംഭവമുണ്ടായത്. വിമാനം പറന്നുയരുന്നതിന് തൊട്ട് മുമ്പാണ് തീയും പുകയും ഉയർന്നത്.
വിമാനത്തിലുണ്ടായിരുന്നത് 173 യാത്രക്കാരും 6 ജീവനക്കാരുമാണ്. വിമാനത്തിൽ നിന്നും പുക ഉയരുന്നതിന്റെയും എമർജൻസി എക്സിറ്റിലൂടെ യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതുമായുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ചതിനാലാണ് ടേക്ക് ഓഫ് റദ്ദാക്കിയതെന്ന് എഫ്എഎ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും എഫ്എഎ വ്യക്തമാക്കി.
യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യത്തിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. സംഭവത്തെത്തുടർന്ന് ബോയിങ് വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയതായി അമേരിക്കൻ എയർലൈൻസ് സ്ഥിരീകരിച്ചു.

