തിരുവനന്തപുരം:അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്തിമോപാചാരമർപ്പിച്ച് പ്രമുഖർ. ഗവർണർ രാജേന്ദ്ര ആർലേക്കർ, വ്യവസായി എം.എ. യൂസഫലി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ദർബാർ ഹാളിലെത്തി അന്തിമോപാചാരമർപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണി വരെ ഇവിടെ പൊതുദർശനം തുടരും.
തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ തലസ്ഥാനത്തേക്ക് വൻ ജനപ്രവാഹമാണ്. വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളും എത്തുന്നുണ്ട്. ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും.
ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളിൽ പൊതു ദർശനം. ഇന്നു രാത്രി ഒൻപതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും 10 മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
അതേസമയം പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

