മാത്യു മടങ്ങുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ അപൂര്‍വ ചരിത്രവുമായി……
രാജു ആനിക്കാട്
കോട്ടയം: മാധ്യമപ്രവര്‍ത്തന മേഖലയിലെ അസാധാരണമായ വൃക്തിത്വത്തിന്റെ ഉടമയായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച മാത്യൂ എ തോമസ്.മലയാള മനോരമ കോട്ടയം യൂണിറ്റിലെ സബ് എഡിറ്റര്‍ ആയിരുന്ന കാലം മുതല്‍ മാത്യു എനിക്ക് പ്രിയപ്പെട്ട സ്‌നേഹിതനായിരുന്നു.മനോരമയില്‍ കുറച്ച് കാലം ജോലി ചെയ്തപ്പോഴുള്ള പരിചയം ഞങ്ങളെ ഏറെ അടുപ്പിച്ചു. പിന്നീട് കോട്ടയത്ത് ഞാന്‍ സൂര്യ ടിവിയിലും മാത്യൂ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ച കാലം വാര്‍ത്താ വഴികളില്‍ ഒരു ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്തായിരുന്നു അദ്ദേഹം എനിക്ക്. അദ്ദേഹം പുനലൂരിലെ വസതിയില്‍ വച്ച് ആകസ്മികമായി വേര്‍പിരിഞ്ഞ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഒരു കാലഘട്ടത്തിലെ ഓര്‍മ്മകളാണ് മനസില്‍ ഓടിയെത്തിയത്.
തൊണ്ണൂറുകളുടെ അവസാനമായിരുന്നു മാത്യു കോട്ടയം മനോരമയിലെ തന്റെ സബ്എഡിറ്റര്‍ പദവി ഉപേക്ഷിച്ച് ഇന്ത്യന്‍ എക്‌സ്പ്രസില്‍ കോട്ടയത്ത് തന്നെ ജോലിക്ക് കയറിയത്. മനോരമയിലെ ജോലി വലിച്ചെറിഞ്ഞങ്കിലും മനോരമക്ക് മാത്യു അനഭിമതനായിരുന്നില്ല.അതുകൊണ്ടാകാം കോട്ടയത്ത് തന്നെ മാത്യുവിന് ഇന്‍ഡ്യന്‍ എക്‌സ്പ്രസില്‍ ജോലി ലഭിക്കുന്നതിന് തടസ്സങ്ങള്‍ ഒന്നുമുണ്ടായില്ല. വൈദികനാകാന്‍ ആഗ്രഹിച്ച് പത്രപ്രവര്‍ത്തകനായി തീര്‍ന്ന അദ്ദേഹം തികഞ്ഞ പ്രൊഫഷണല്‍ ജേര്‍ണലിസ്റ്റായി തന്റെ കര്‍മ്മമന്ധലത്തില്‍ ശോഭിച്ചയാളാണ്.
മാത്യുവിന്റെ വാര്‍ത്താ സമ്മേളനങ്ങള്‍ അനുഭവ പാഠശാല
അലക്കി തേച്ച ഷര്‍ട്ടും പാന്റും ചിലപ്പോഴൊക്കെ കറുത്ത കരയുള്ള വെള്ളമുണ്ടും ധരിച്ച് എടുപ്പിലും നടപ്പിലും പത്രപ്രവര്‍ത്തന ശൈലിയിലും അദ്ദേഹം വ്യത്യസ്ഥത പുലര്‍ത്തി.ഏത് വാര്‍ത്തയിലും തന്റേതായ വ്യതൃസ്തമായ ഒരു കൈയൊപ്പ് ചാര്‍ത്തിയിരുന്നു.പൊളിറ്റിക്കല്‍ സ്റ്റോറികളില്‍ പ്രത്യേകിച്ചും. പ്രായം കൊണ്ട് തന്നെക്കാള്‍ മുതിര്‍ന്ന കേരളത്തിലെ പല രാഷ്ട്രീയ നേതാക്കളും മാത്യുവിനോട് രാഷ്ട്രീയ ഉപദേശങ്ങള്‍ തേടിയിരുന്നു.അവരില്‍ ഇടതും വലതും ബിജെപി നേതാക്കള്‍ വരെയുണ്ട്. കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയ വിശകലനങ്ങളില്‍ മാത്യുവിന് പകരം വയ്ക്കാവുന്നവര്‍ കേരളത്തില്‍ ചുരുക്കമാണ്. മാത്യു പങ്കെടുക്കുന്ന പത്രസമ്മേളനങ്ങളില്‍ഏത് നേതാവിനോടും നിര്‍ദാക്ഷണ്യം മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ കൊണ്ട് പൊരിച്ചടുക്കും. ഒരിക്കല്‍ എംജി യൂണിവേഴ്‌സിറ്റിയില്‍ സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലര്‍ ഡോ. വിഎന്‍ രാജശേഖരന്‍ പിള്ളയും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത നിലനിന്ന അവസരത്തില്‍ വിസി പ്രസ്‌ക്ലബില്‍ പത്രസമ്മേളനം വിളിച്ചു. മാത്യു ഒരു കെട്ട് ഫയലുമായി വിസി യെ നേരിടാനുള്ള തയ്യാറെടുപ്പില്‍ പ്രസ്‌ക്ലബില്‍ എത്തി. ഇതറിഞ്ഞതോടെ വിസി പത്രസമ്മേളനം റദ്ദാക്കി പാതി വഴിയില്‍ മടങ്ങിപോയി. മാത്യുവിനെ നേരിടുന്നതിലും ഭേദം സിന്‍ഡിക്കേറ്റുമായി ഒത്തുതീര്‍പ്പാകുന്നതാണ് നല്ലതെന്ന ്അദ്ദേഹത്തിന്‌തോന്നിക്കാണും!.പത്രസമ്മേളനങ്ങളില്‍ പല പ്രമുഖരും മാതൃ ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകാതെ വിയര്‍ക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്.
ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭാ തര്‍ക്കം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് സക്കാ പ്രഥമന്‍ പാത്രീയര്‍ക്കീസ് ബാവ കോട്ടയത്ത് എത്തുന്നു. ചിങ്ങവനം ക്‌നാനായ യാക്കോബായ ആര്‍ച്ച് ബിഷപ്പ് മാര്‍ക്ലീമീസിന്റെ മെത്രാഭിഷേക ജൂബിലിയുമായി ബന്ധപ്പെട്ടാണ് പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനം. ബാവയെ തടയുമെന്ന് ഒരു കൂട്ടര്‍. തടഞ്ഞാല്‍ രക്തചൊരിച്ചിലുണ്ടാകുമെന്ന് മറുകൂട്ടര്‍. ദിവസവും പത്രസമ്മേളനങ്ങളും വെല്ലുവിളികളും. ബിഷപ്പ് ഹൗസിലെ പത്രസമ്മേളനത്തിന്റെ അവസാനം പത്രക്കാര്‍ക്ക് ഉഗ്രന്‍ ഉച്ചഭക്ഷണവും പതിവ്. ഓരോ സഭകളുടെയും പത്രസമ്മേളനങ്ങളില്‍ ബിഷപ്പുമാരെ മാത്യു ചോദൃം കൊണ്ട് ഉത്തരം മുട്ടിക്കും . സഭാ തര്‍ക്കത്തിലെ കോടതി വിധികളുടെ ഫയല്‍ കെട്ടുമായിട്ടാണ് മാത്യു പത്രസമ്മേളനത്തില്‍ എത്താറുള്ളത്. മാത്യുവിന്റെ ചോദ്യശരങ്ങളില്‍ വലഞ്ഞതോടെ ബിഷപ്പുമാര്‍ തങ്ങളുടെ അഭിഭാഷകരെ കൂട്ടി മാത്രമേ പത്രസമ്മേളനം നടത്തൂകയുളളൂ എന്ന സ്ഥിതിയിലെത്തി.
ജുഡീഷ്യറിയിലെ പുഴുക്കുത്തിനെതിരെ തുറന്നെഴുത്ത്
കോട്ടയം നഗരത്തിലെ മാര്‍ക്കറ്റില്‍ വച്ച് ഒരു ജുഡീഷ്യല്‍ ഓഫീസര്‍ വഴിയാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ വാര്‍ത്ത മാത്യു റിപ്പോര്‍ട്ട് ചെയ്തത് അക്ഷരാര്‍ത്ഥത്തില്‍ കോട്ടയത്തെ മുഖ്യധാരാ പത്രങ്ങളിലെ സ്വയം മിടുക്കരെന്ന് ഭാവിച്ച് നടന്ന എഡിറ്റര്‍മാരെയും ലേഖകന്‍മാരെയും ഞെട്ടിച്ചതായിരുന്നു. ധിഷണാശാലിയായ മാത്യൂ.ഒരുതരത്തിലുള്ള ഡിക്ടറ്റീവ് മൈന്‍ഡുള്ളയാളാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മാതൃ റിപ്പോര്‍ട്ട് ചെയ്ത കോട്ടയത്തെ പ്രധാന കേസുകളിലൊന്നായ കിളിരൂര്‍ പീഡനകേസില്‍ വിഎസ് അച്ചുതാനന്ദന്‍ ഉയര്‍ത്തിയ വിവാദമായ ‘വിഐപി ‘ബന്ധത്തില്‍ കഴമ്പുണ്ടെന് നിലപാടിലായിരുന്നു അദ്ദേഹം. കിളിരൂര്‍ പെണ്‍കുട്ടിയുടെ മരണശേഷം മെഡിക്കല്‍ കോളേജിലെ പ്രമുഖ ഡോക്ടറുടെ മരണത്തിലും മാത്യു ദുരൂഹത സംശയിച്ചിരുന്നു. എംജി യൂണിവേഴ്‌സിറ്റി ഗാന്ധിനഗര്‍ എസ്എംഇ പീഡനകേസില്‍ ചില നിരപരാധികളെ രാഷ്ട്രീയ ലാഭത്തിനായി അന്നത്തെ അന്വേഷണ ഉദൃാഗസ്ഥന്‍ പ്രതികളാക്കി ഉള്‍പ്പെടുത്തിയതാണെന്ന് മാത്യു വിശ്വസിച്ചിരുന്നു. എല്ലാ പത്ര സമ്മേളനങ്ങളെ മാത്യു ഒരുപോലെ സമീപിച്ചു. ആ വിഷയം മനസിലാക്കി പ്രത്യേക റിപ്പോര്‍ട്ടുകളാക്കി. എല്ലാവരെയും ഒരു പോലെ കാണുന്ന മനസ്. അതു മാത്യുവിനു മാത്രം സ്വന്തം.
റബര്‍, കേരളാ കോണ്‍ഗ്രസ്, എന്‍എസ്എസ്, ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കം, മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, പശ്ചിമഘട്ടത്തിലെ അനധികൃത കൈയ്യേറ്റം, ഹൈറേഞ്ചിലെ ഉരുള്‍ പൊട്ടല്‍ , കുട്ടനാട്ടിലെ പ്രധാനമായും കുമരകത്തെയും വേമ്പനാട്ടുകായലിലെയും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തുടങ്ങിയ അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളില്‍ നിരവധി ഇന്‍വസ്റ്റിഗേറ്റീവ് സ്റ്റോറികളാണ് മികച്ച റഫറന്‍സുകളായി ആ തൂലികയില്‍ നിന്ന് പിറന്നത്.
ഉമ്മന്‍ ചാണ്ടി, കെഎം മാണി, പിജെ ജോസഫ്, രമേശ് ചെന്നിത്തല, ടിഎം ജേക്കബ്, പിസി തോമസ്, സുരേഷ് കുറുപ്പ്, എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായിരുന്ന പികെ നാരായണപണിക്കര്‍, ഇപ്പോഴത്ത ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍, കാഞ്ഞിരപ്പള്ളി ബിഷപ്പായിരുന്ന മാര്‍ മാത്യു അറക്കല്‍, ജോസഫ് പുലിക്കുന്നേല്‍, ഇടുക്കി ജില്ലയിലെ എംഎല്‍എ മാരായിരുന്ന ഇഎം ആഗസ്തി, വാഴൂര്‍ സോമന്‍ , റബര്‍ ബോര്‍ഡ് ചെയര്‍മാന്‍മാരായിരുന്ന കെ ജെ മാത്യു, പിസി സിറിയക്ക്, എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരായിരുന്ന ഡോ. വിഎന്‍ രാജശേഖരന്‍ പിള്ള,ഡോ. സിറിയക് തോമസ് , പ്രമുഖ ഭൗമശാസ്ത്രജ്ഞന്‍ ബികെ രസ്‌തോഗി ഇവരോടെല്ലാം വൃക്തിപരമായി മാത്യു അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
ജീവകാരുണ്യമുഖം
ഒരു കൈകൊണ്ട് ചെയ്യുന്നത് മറുകൈ അറിയരുതെന്ന് എന്ന് ഉറച്ചു വിശ്വസിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു മാത്യു. സഹപ്രവര്‍ത്തകരുടെയോ സ്‌നേഹിതരുടെയോ ആരായാലും മാത്യു അവരെ സഹായിക്കുന്നതില്‍ അതീവ ശ്രദ്ധപതിപ്പിച്ചു. പലപ്പോഴും മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടുവരുന്ന കേസുകളില്‍ തികഞ്ഞ ജാഗ്രതയോടെയുളള ഇടപെടല്‍ നടത്തി. ദൈന്യതയാര്‍ന്ന മുഖം മാത്യുവിന്റെ വേദനയായിരുന്നു. അര്‍ബുദ രോഗ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് പോകുന്ന കുടുംബത്തിനു സേവനവുമായി റെയില്‍വേ സ്‌റ്റേഷനില്‍ രാത്രിയില്‍ കാത്തു നിന്ന മാത്യുവിനെ മറക്കാനാവില്ല.
ഊഷ്മള സൗഹൃദങ്ങള്‍
തിരുനക്കര ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കു സമീപമായിരുന്നു ഇന്‍ഡ്യന്‍ എക്‌സ് പ്രസിന്റെ ഓഫീസ്. ഇവിടെ മാത്യുവിനോടൊപ്പം ചര്‍ച്ചയും സംവാദവും എഴുത്തും വായനയുമെല്ലായി ചെലവഴിച്ച ദിനങ്ങള്‍ ഓര്‍മ്മയില്‍ നിന്ന് മായുന്നില്ല. എന്നെ കൂടാതെ ഷറഫ് (മാധ്യമം) എസ് സനില്‍ കുമാര്‍( മലയാളം ന്യൂസ്),ബാലു പിബി (കേരളാ കൗമുദി) ചീറോത്ത് ബാലചന്ദ്രന്‍,( ജന്മഭൂമി) ബോബി മാത്യു, ( അന്നു സപ്ലിമെന്റ്, പിന്നീട് സൂര്യടിവി ) ഇവരെല്ലാം പതിവ് സമ്പര്‍ക്ക പട്ടികയിലുളളവരാണ്. നേരിലും അല്ലാതെയും രണ്ട് ദിവസത്തില്‍ ഒരിക്കല്‍ കണ്ടില്ലങ്കില്‍ മാത്യൂ വിളിച്ച് പരിഭവിക്കും. തന്റെ കൃഷി തോട്ടത്തില്‍ നിന്ന് കൊണ്ടുവന്ന ഓര്‍ഗാനിക് വാഴപ്പഴം കൊണ്ടുവന്നാല്‍ എല്ലാവര്‍ക്കും വിളി ഉറപ്പാണ്.
ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളെ കുറിച്ച് മാത്യു വെട്ടിത്തുറന്ന് അഭിപ്രായം പറയും. വിമര്‍ശനവും ശകാരവും പ്രോത്സാഹനവുമെല്ലാം ആക്കൂട്ടത്തിലുണ്ടാകും. ഭാവിയിലെ പത്രപ്രവര്‍ത്തക ജീവിതത്തിന് അതൊരുമുതക്കൂട്ടായിരുന്നു.പത്രപ്രവര്‍ത്തക ജീവിതത്തില്‍ മാത്യു നിര്‍ഭയനായ നീതിമാനായിരുന്നു. തന്റെ ബോധൃങ്ങളില്‍ ഉറച്ച് നിന്ന് യാതൊരു സ്വാധീനത്തിനും വഴങ്ങാത്ത ഒറ്റയാനായിരുന്നു അദ്ദേഹം.മാത്യുവിന്റെ ചില എക്‌സ്‌ക്ലൂസീവ് സ്റ്റോറികള്‍ക്ക് പിന്നില്‍ ആ ചങ്കൂറ്റം കാണാനാവും.
കോട്ടയത്ത് നിന്ന് ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറിയതോടെ മാത്യു പൊളിറ്റിക്കല്‍ സ്റ്റോറികളിലാണ് കൂടുതലും ശ്രദ്ധ ചെലുത്തിയത്.എന്‍എസ്എസ് നേതൃത്വം ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ രമേശ് ചെന്നിത്തലക്ക് താക്കോല്‍ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ മാത്യു ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായും രമേശ് ചെന്നിത്തലയുമായി നടത്തിയ സ്‌പെഷ്യല്‍ അഭിമുഖങ്ങള്‍ വലിയ രാഷ്ട്രീയ ചര്‍ച്ചക്ക് വഴിതെളിച്ചു. സ്വന്തം വ്യക്തിത്വം അടിയറവ് വച്ച് ഒരു സ്ഥാപനത്തിലും ജോലിചെയ്യാന്‍ തയ്യാറാകാത്ത മാത്യു മനോരമയില്‍ നിന്ന് എന്നപോലെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്തു പോവുകയായിരുന്നു. പിന്നീട് കാണുന്നത് മാധൃമപ്രവര്‍ത്തനത്തിന്റെ ഗ്ലാമര്‍ ലോകം വെടിഞ്ഞ് താന്‍ ഏറെ ആഗ്രഹിച്ച സ്വന്തം കൃഷിയിടത്തേക്ക് മാറിയ കര്‍ഷകനും സംരംഭകനുമായ മാത്യുവിനെയായിരുന്നു.ഇനിയുമേറെ ദൗതൃങ്ങള്‍ പൂര്‍ത്തീകരിക്കാനിരിക്കവേയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.

