Spread the love

കൊച്ചി: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിക്കെതിരേ ബലാത്സംഗക്കേസ്. . വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. പരാതിയിൽ കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തു. ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാൽസംഗം ചെയ്തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്.

2021 മുതൽ 23 വരേയുള്ള കാലങ്ങളിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. തൃക്കാക്കരയിലേയും മറ്റു പലയിടങ്ങളിലേയും ഫ്ലാറ്റുകളിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി.

തന്നെ 2023 ജൂലൈ മുതൽ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്ത, ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി പറയുന്നു. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ​ഹാജരാക്കിയിട്ടുണ്ട്.

താൻ വേടനുമായി പരിചയപ്പെടുന്നത് 2021 ഓഗസ്റ്റ് മാസത്തിലാണ്. വേടന്‍റെ ആൽബങ്ങളും പാട്ടുകളം കണ്ട് ഇൻസ്റ്റ പേജിലൂടെ മെസേജ് അയക്കുകയായിരുന്നു. പരിചയപ്പെടണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് കോഴിക്കോട് താൻ താമസിച്ചിരുന്ന സ്ഥലത്ത് വേടനെത്തി. എന്നാൽ അവിടെവെച്ച് അനുമതിയില്ലാതെ തന്നെ ചുംബിച്ചു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പിന്നീട് ബലാത്സംഗം ചെയ്തു.

യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃക്കാക്കര പോലീസ് ഐപിസി 376 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് വരുന്നതിന് മുമ്പാണ് കുറ്റകൃത്യം നടന്നു എന്നതുകൊണ്ടാണ് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച്‌ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.