കോട്ടയം : മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ മാത്രം വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത് പ്രതിഷേധത്തിനിടയാക്കി. വെള്ളിയാഴ്ച കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകള്ക്കായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. ചങ്ങനാശേരി, വൈക്കം താലൂക്കുകളെ ഒഴിവാക്കി.
എന്നാല്‍ വെള്ളിയാഴ്ച ഒഴിവാക്കപ്പെട്ട

ചങ്ങനാശേരി, വൈക്കം താലൂക്കുകളില്‍ അടക്കം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയും അതിശക്തമായ കാറ്റും വീശിയിരുന്നു. അവധി പ്രഖ്യാപിക്കാത്ത ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ സ്കൂള്‍ കുട്ടികള്‍ ഇതുമൂലം ദുരിതത്തിലായി. ഭാഗ്യം കൊണ്ട് മാത്രമാണ് അപകടമൊന്നും ഉണ്ടാവാതെ പോയത്.
എന്തായാലും, ജില്ലാ കളക്ടര്‍ ശനിയാഴ്ച കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ കനത്ത കാറ്റിലും മഴയിലും വൈക്കം മേഖലയില്‍ മരം വീണ് ഗതാഗത തടസ്സമുണ്ടായി. ചങ്ങനാശ്ശേരിയിലും കാറ്റ് നാശം വിതച്ചു.
ആപ്പാഞ്ചിറ, ടിവി പുരം, കോട്ടയം-എറണാകുളം റോഡില്‍ കാണക്കാരിക്ക് സമീപവും, കുമരകം എന്നിവിടങ്ങളിലുമെല്ലാം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ഉണ്ടായ ചുഴലിക്കാറ്റില്‍ മരം വീണു. വൈക്കം മേഖലയില്‍ മേവെള്ളൂര്‍, തലയോലപ്പറമ്പ്, വടയാര്‍ മേഖലകളില്‍ കനത്ത കാറ്റാണ് വീശിയത്. സ്കൂള്‍ വിട്ടു വരുന്ന സമയത്തായിരുന്നു കാറ്റും മഴയും.
കനത്ത കാറ്റിന്റെ മുന്നറിയിപ്പില്‍ എറണാകുളം ജില്ലയിലും വെള്ളിയാഴ്ച അവധി നല്‍കിയിരുന്നു. എന്നാല്‍ എറണാകുളത്തിനും കോട്ടയത്തിനും ഇടയിലുള്ള വൈക്കത്തെ മാത്രം ഒഴിവാക്കിയത് സ്കൂളുകളില്‍ പോലും വലിയ ചര്‍ച്ച വിഷയം ആയിരുന്നു.
കോട്ടയം കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റിലൂടെ ചിലര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

