മുംബൈ: യാത്രാവണ്ടികളുടെ എല്ലാ കോച്ചുകളിലും സി.സി.ടി.വി ക്യാമറ സ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. രാജ്യത്തെ മുഴുവന്‍ ട്രെയിനുകളിലുമായുള്ള 74000ല്‍പ്പരം കോച്ചുകളിലാണ് സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നത്. 15,000ല്‍പ്പരം ട്രെയിനുകളിലെ എന്ജിന് ഭാഗം വരുന്ന ലോക്കോമോട്ടീവുകളിലും ക്യാമറ വരും. സംഘടിത കുറ്റങ്ങള്‍ ചെയ്യുന്നവരില്‍ നിന്നടക്കം യാത്രക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. ട്രെയിനുകളിലെ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. നോര്‍ത്തേണ്‍ റെയില്‍വേയിലെ കോച്ചുകളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് റെയില്‍വേ പറയുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതി വിലയിരുത്തി രാജ്യവ്യാപകമായി നടപ്പാക്കാന്‍ പച്ചക്കൊടി കാട്ടുകയായിരുന്നു.
360 ഡിഗ്രി സമഗ്ര കവറേജ് ലഭിക്കുന്ന ക്യാമറകളാണ് സ്ഥാപിക്കുന്നത്.ഓരോ കോച്ചിലും നാല് ഡോം ടൈപ്പ് ക്യാമറകള്‍. ഡോര്‍ തുറന്ന് കയറുന്ന കോമണ്‍ മൂവ്മെന്റ് ഏരിയയിലാണ് രണ്ടെണ്ണം വീതം സ്ഥാപിക്കുക. യാത്രക്കാരുടെ സ്വകാര്യത കണക്കിലെടുത്താണിത്. ലോക്കോമോട്ടീവുകളില്‍ ആറ് ക്യാമറകള്‍. എന്ജിന് മുന്നിലും പിന്നിലും രണ്ടു വശങ്ങളിലും അടക്കമാണിത്.
അത്യാധുനിക സവിശേഷതകളുള്ളതാണ് ക്യാമറകള്‍.വെളിച്ചം കുറവുള്ള സമയത്തും ക്വാളിറ്റി ദൃശ്യങ്ങള്‍ ഉറപ്പാക്കും.മണിക്കൂറില്‍ 100 കിലോമീറ്ററില്‍ അധികം വേഗതയിലാണെങ്കിലും വ്യക്തതയുള്ള ഫുട്ടേജുകള്‍ ലഭ്യമാകും

