Spread the love

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലേക്ക് കേരളം. ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പുവിജ്ഞാപനമുണ്ടാകും. പുതിയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വീടുകള്‍ ക്രമീകരിച്ചശേഷമുള്ള കരട് വോട്ടര്‍പട്ടിക ജൂലായ് 21-ന് പുറത്തിറക്കും. ഇതോടെ പട്ടിക പുതുക്കല്‍ ആരംഭിക്കാനാണ് പരിപാടി. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചുമാസത്തിനുള്ളില്‍ കേരളം നിയമസഭയിലേക്കും വിധിയെഴുതും.

ഡിസംബര്‍ 21-ന് പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കേണ്ടതിനാല്‍ ഡിസംബര്‍ പകുതിക്കുമുന്‍പ് വോട്ടെടുപ്പ് നടത്തണം. ഇതിനും ഒന്നരമാസംമുന്‍പ് വിജ്ഞാപനമുണ്ടാകും.ജില്ലാപഞ്ചായത്ത് വാര്‍ഡുവിഭജനത്തിനുള്ള കരട് ജൂലായ് 21-ന് പ്രസിദ്ധീകരിക്കും. പരാതികേട്ട് അന്തിമാക്കുന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാകും. 25 വരെ പരാതി നല്‍കാന്‍ സമയമുണ്ട്. തിരഞ്ഞെടുപ്പുതീയതി നിശ്ചയിക്കാനും വിജ്ഞാപനമിറക്കാനും സര്‍ക്കാരുമായി കമ്മിഷന്‍ ചര്‍ച്ചനടത്തും. കളക്ടര്‍മാരുടെ റിപ്പോര്‍ട്ടുകിട്ടിയശേഷം ഡിജിപി തലത്തിലും യോഗംചേരും.

വാര്‍ഡ് വിഭജനത്തിനുശേഷം സംസ്ഥാനത്ത് ആകെ പോളിങ് ബൂത്തുകള്‍ എത്രയെന്ന് ഉടനറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന് ബൂത്തുകളില്‍ പരമാവധി വോട്ടര്‍മാര്‍ 1200 ആയി നിജപ്പെടുത്തിയതുപോലെ തദ്ദേശതിരഞ്ഞെടുപ്പിനും വോട്ടര്‍മാരെ ക്രമീകരിക്കണമെന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യം. 19-ന് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന വിവിധ പാര്‍ട്ടിപ്രതിനിധികളുടെ യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യും